യാത്രക്കാർ ചോദിക്കുന്നു; എന്ന് തുടങ്ങും, പൊന്നാനി -പടിഞ്ഞാറെക്കര ജങ്കാർ സർവിസ്
text_fieldsപൊന്നാനി: പൊന്നാനിയേയും പടിഞ്ഞാറെക്കരയും ബന്ധിപ്പിക്കുന്ന അഴിമുഖത്തെ ജങ്കാർ സർവീസ് പുനരാരംഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ഏറ്റവുമൊടുവിൽ മാർച്ച് ഒന്നിന് സർവിസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. കരാറുകാർക്ക് ജങ്കാർ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.
ഒന്നര വർഷത്തിലധികമായി നിലച്ചു കിടക്കുന്ന ജങ്കാർ സർവിസ് തുടങ്ങാൻ നഗരസഭ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവുമൊടുവിലാണ് മാർച്ച് ഒന്നിന് സർവീസ് തുടങ്ങാമെന്ന് ധാരണയിലെത്തിയത്. യാത്രാനിരക്കും നഗരസഭയുമായുള്ള കരാർ വ്യവസ്ഥയുമെല്ലാം ചർച്ച ചെയ്തു തീരുമാനിച്ചതായിരുന്നു.
അഴിമുഖത്ത് യാത്രാബോട്ട് സർവീസ് തന്നെ തുടരാനാണ് സാധ്യത. ഇരുചക്ര വാഹനങ്ങൾക്ക് പോലും അഴിമുഖം യാത്ര സാധ്യമാകാത്തതിനാൽ ഒട്ടേറെ പതിവ് യാത്രക്കാർ വലിയ യാത്രാ ദുരിതം നേരിടുന്നുണ്ട്. ജങ്കാർ സർവീസ് പുനരാരംഭിക്കുകയെന്നത് മാത്രമായിരുന്നു യാത്രാ ദുരിതമകറ്റാനുള്ള പ്രധാന ആവശ്യം. ദീർഘ ദൂര വാഹനങ്ങൾക്കു വരെ ജങ്കാർ സർവീസ് വലിയ ആശ്വാസമാണ്. വാഹനങ്ങൾ കയറ്റാനാകുന്ന ജങ്കാർ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധിയാണ്. പൊന്നാനി അഴിമുഖം തൂക്കുപാലം യാഥാർഥ്യമായാലേ ഇവിടത്തെ യാത്രാ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടൂ. എന്നാൽ, തൂക്കുപാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥലമേറ്റെടുപ്പ് ഇതുവരെയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.