രണ്ടു പേരുടെ മരണം: കപ്പലിന്റെ മുൻഭാഗം ശക്തിയായി ബോട്ടിലിടിച്ചതായി കണ്ടെത്തി
text_fieldsപൊന്നാനി: ചാവക്കാട് കടലിൽ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കപ്പലിന്റെ മുൻഭാഗം ബോട്ടിൽ ശക്തമായി ഇടിച്ചതായി ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ബോട്ടിന്റെ അവശിഷ്ടങ്ങളിൽനിന്ന് കപ്പലിന്റെ പെയിൻറും ലഭിച്ചു.
തൃശൂർ സിറ്റി ഫോറൻസിക് സംഘമാണ് പൊന്നാനിയിലെത്തി വിശദ പരിശോധന നടത്തിയത്.
ബോട്ടിന്റെ മുൻഭാഗം മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞതെന്നതിനാൽ ആ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
റിപ്പോർട്ട് മൂന്നാഴ്ചക്കകം കോടതിയിൽ സമർപ്പിക്കും. കസ്റ്റഡിയിലെടുത്ത കപ്പലിൽനിന്നുള്ള റെക്കോഡിങ് സംവിധാനവും വിശദമായി പരിശോധിക്കും. തെക്ക് ഭാഗത്താണ് ബോട്ട് കിടന്നിരുന്നതെന്നും നിയന്ത്രണം ലംഘിച്ച് വരുന്ന കപ്പലിനെ കണ്ടതോടെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കപ്പൽ വന്നിടിക്കുകയായിരുന്നെന്നും രക്ഷപ്പെട്ട തൊഴിലാളികൾ മൊഴി നൽകിയിരുന്നു.
അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ ബോട്ടുകൾ ദിശ മാറി പോകാറുണ്ടെങ്കിലും അപകടത്തിൽപെട്ട ബോട്ട് കപ്പലിന് മുന്നിലെത്തുകയായിരുന്നെന്നാണ് കപ്പലിന്റെ ക്യാപ്റ്റൻ മൊഴി നൽകിയത്.
പഴയ കപ്പലായതിനാൽ വോയേജ് ഡേറ്റ റെക്കോഡർ ഇല്ല. അതിനാൽ കൃത്യമായ ദൃശ്യം ലഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. മുനക്കക്കടവ് കോസ്റ്റൽ ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പൊന്നാനിയിലെത്തി അപകടത്തിൽപെട്ടവരുടെ മൊഴിയെടുത്തിരുന്നു. മർക്കന്റൈൽ മറൈൻ വകുപ്പും പൊന്നാനിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.