പൊന്നാനി നഗരസഭയിൽ പിൻവാതിൽ നിയമനമെന്ന്; കൗൺസിൽ യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
text_fieldsപൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ചും ഇത്തരത്തിൽ നിയമിച്ചവരുടെ കാലാവധി നീട്ടി നൽകാനുള്ള കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ചും കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നൽകുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷ നീക്കം.
നടപടി അംഗീകരിക്കാനാവില്ലെന്നും നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ വെല്ലുവിളിക്കലാണെന്നും കൗൺസിൽ തീരുമാനം പോലുമില്ലാതെയാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. പാർട്ടി പ്രവർത്തകരെ തിരുകി കയറ്റിയതിനാൽ ഡി.വൈ.എഫ്.ഐ മനുഷ്യ ചങ്ങലയുടെ സമയത്ത് ഓഫിസ് പ്രവർത്തനം താളം തെറ്റിയെന്നും താൽക്കാലിക ജീവനക്കാർ ഉദ്യോഗസ്ഥരുടെ കസേരയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു.
എന്നാൽ മുൻ കൗൺസിലിൽ തീരുമാനിച്ച പ്രകാരമാണ് നിയമനമെന്നും ആവശ്യത്തിന് ജീവനക്കാരില്ലാത്ത നഗരസഭയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് താൽക്കാലിക ജീവനക്കാർ ആവശ്യമാണെന്നും, ഇതിനാലാണ് ഇവരുടെ കാലാവധി നീട്ടി നൽകിയതെന്നും നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, മിനി ജയപ്രകാശ്, ആയിഷ അബ്ദു, കെ. ഇസ്മായിൽ, റാഷിദ് നാലകത്ത്, ശ്രീകല ചന്ദ്രൻ, ശബ്ന ആസ്മി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.