പുതുപൊന്നാനിയിൽ അടിപ്പാത നിർമാണം തുടങ്ങി
text_fieldsപൊന്നാനി: ദേശീയപാത പുതുപൊന്നാനിയിൽ മിനി അടിപ്പാത നിർമാണം തുടങ്ങി. മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ചത് പ്രകാരമാണ് ദേശീയപാത അധികൃതർ അടിയന്തരമായി നിർമാണം ആരംഭിച്ചത്. നിലവിലെ പുതുപൊന്നാനി പാലത്തിനടുത്ത് രണ്ടര മീറ്റർ ഉയരത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് നിർമാണം. അപ്രോച്ച് റോഡിന് 27 മീറ്റർ നീളമുണ്ടാകും.
പുതുപൊന്നാനിയിൽ അടിപ്പാത നിർമാണം ആദ്യഘട്ടത്തിൽ പരിഗണനയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥലം സന്ദർശിച്ച മെട്രോമാൻ ഇ. ശ്രീധരന് അടിപ്പാത അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി മന്ത്രി നിഥിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയായിരുന്നു. മന്ത്രി അപ്പോൾ തന്നെ പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കാൻ അധികൃതർക്ക് നിർദേശം നൽകി.
പുതുപൊന്നാനി പാലത്തിനടുത്ത് റോഡിന് വലതു ഭാഗത്തെ കോൺക്രീറ്റ് പണിയാണ് ഇപ്പോൾ നടക്കുന്നത്. താഴ്ഭാഗത്ത് കോൺക്രീറ്റ് പാളി ഇട്ട് കഴിഞ്ഞു. ഇത് കമ്പി വെച്ച് റാഫ്റ്റ് ചെയ്യും. പിന്നീട് ചുമർ നിർമിക്കും. ഇത് കഴിഞ്ഞ് മണ്ണിട്ട് ലെവൽ ചെയ്ത ശേഷം ഗതാഗതം ഇടത് ഭാഗത്തേക്ക് തിരിച്ചുവിടും. മാർച്ചിനുള്ളിൽ നിർമാണം പൂർത്തിയാകും. ഇതോടൊപ്പം തന്നെ പുതുപൊന്നാനിയിൽ എം.ഐ എജു സിറ്റിക്കടുത്ത് ഫൂട്ട് ഓവർബ്രിഡ്ജ് നിർമിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.