വിതക്കാനും വിളവെടുക്കാനും മാത്രമല്ല: വിൽപനക്കും സ്ത്രീശക്തി
text_fieldsപൊന്നാനി: സ്ത്രീ സംരംഭക പ്രോത്സാഹനത്തിനായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട പൊന്നാനി നഗരസഭയിൽ കുടുംബശ്രീ പച്ചക്കറി വിപണന കേന്ദ്രം തുറന്നു. നഗരസഭ, ജില്ല കുടുംബശ്രീ മിഷന്‍റെ സഹകരണത്തോടെയാണ് ജില്ലയിലെ ആദ്യ അർബൻ കിയോസ്ക് ആരംഭിച്ചത്. സി.ഡി.എസ് ഒന്നിന് കീഴിലുള്ള കുടുംബശ്രീ പ്രവർത്തകരാണ് കേന്ദ്രം നടത്തിപ്പുകാർ. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപന്നങ്ങളും കേന്ദ്രത്തിൽ വിപണനത്തിനായി ഒരുങ്ങിയിട്ടുണ്ട്.
കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം വർധിപ്പിക്കാനും മിതമായ നിരക്കിൽ വിഷരഹിത ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമായാണ് കേന്ദ്രം പ്രവർത്തിക്കുക. നഗരസഭ ഓഫിസ് പരിസരത്ത് പ്രവർത്തിക്കുന്ന കിയോസ്കിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ ആദ്യ വിൽപന നടത്തി. സ്ഥിരംസമിതി അധ്യക്ഷമാരായ എം. ആബിദ, ഷീന സുദേശൻ, കൗൺസിലർമാരായ വി.പി. പ്രബീഷ്, എ. അബ്ദുൽ സലാം, കെ. ഷാഫി, നിഷാദ്, മെംബർ സെക്രട്ടറി മോഹൻ, കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റർമാരായ ഷൈമ, രഘു, സി.ഡി.എസ് രണ്ടിന്‍റെ ഭാരവാഹികളായ ആയിഷ, ഹഫ്സ, കുടുംബശ്രീ പ്രവർത്തകരായ മജില, പുഷ്പ സംരംഭകരായ വത്സല, അമ്മു നെച്ചിപ്പാടത്ത്, ബിന്ദു നെച്ചിപ്പാടത്ത് ഗീത തുടങ്ങിയവർ സംബന്ധിച്ചു. സി.ഡി.എസ് ഒന്നിന്‍റെ ചെയർപേഴ്സൻ ധന്യ സ്വാഗതവും വൈസ് ചെയർപേഴ്സൻ ഫംസിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.