വാക്സിനേഷൻ താളംതെറ്റി: പശുക്കളിൽ കുളമ്പുരോഗം പടരുന്നു
text_fieldsപൊന്നാനി: സംസ്ഥാന സർക്കാറിന് കീഴിലായിരുന്ന കുളമ്പുരോഗ പ്രതിരോധ വാക്സിൻ വിതരണം കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെ താളംതെറ്റിയതായി പരാതി. യഥാസമയം വാക്സിനെത്താത്തതിനാൽ രോഗം വ്യാപിക്കുകയാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഇത് കൂനിന്മേല് കുരുവായിരിക്കുകയാണ്. പൊന്നാനി മേഖലയിലെ നിരവധി കന്നുകാലികൾക്കാണ് രോഗം ബാധിച്ചത്. ഈശ്വരമംഗലത്തെ അനസ് മൗലവിയുടെയും അബ്ദുൽ മുത്തലിബിെൻറയും ഉടമസ്ഥതയിലുള്ള ഫാമിലെ എട്ട് പശുക്കൾക്കും സമീപത്തെ സുരേഷിെൻറ നാല് പശുക്കൾക്കും രോഗം സ്ഥിരീകരിക്കുകയും രണ്ടെണ്ണം ചാവുകയും ചെയ്തു.
ആറ് മാസത്തെ ഇടവേളയിൽ കന്നുകാലികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ തടയാൻ കഴിയൂ. ഒരു വർഷത്തിലേറെയായി കുത്തിവെപ്പ് നടക്കാത്തതാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്ന് അബ്ദുൽ മുത്തലിബ് പറഞ്ഞു. വൈറസ് ബാധിച്ച പശുക്കൾക്ക് ശക്തമായ പനിയും വിറയലുമെല്ലാം അനുഭവപ്പെടുന്നുണ്ട്. കൂടാതെ തീറ്റമടുപ്പ്, വായില്‍നിന്ന് ഉമിനീര് പതഞ്ഞ് ഒലിച്ചിറങ്ങൽ തുടങ്ങിയവയുമുണ്ട്.
കറവയുള്ള പശുക്കളിൽ പാലുൽപാദനം ഗണ്യമായി കുറയുകയും ചെയ്തു. വാക്സിൻ ലഭ്യമല്ലാത്തതിനാൽ നാടൻ മരുന്നുകൾ നൽകിയാണ് ജീവൻ നിലനിർത്തുന്നത്. വാക്സിൻ ലഭ്യമായില്ലെങ്കിൽ കൂടുതൽ പശുക്കളിലേക്ക് രോഗം വ്യാപിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.