കാർഷിക സംസ്കൃതി ഓർമപ്പെടുത്തി കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭം ഇന്ന്
text_fieldsപൊന്നാനി: മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ നേർകാഴ്ചയായ പൊന്നാനി കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭം വർണപ്പൊലിമയോടെ ഞായറാഴ്ച ആഘോഷിക്കും. ദീപാവലിയോടനുബന്ധിച്ച് പുരാതനകാലം മുതൽക്കുതന്നെ പൊന്നാനിയിൽ നടന്നുവരാറുള്ളതാണ് കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭം. പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂൾ മുതൽ ചന്തപ്പടി വരെയുള്ള റോഡിന്റെ ഇരുപുറങ്ങളിലുമായിട്ടാണ് വാണിഭ സാധനങ്ങൾ വിൽപനക്കായി ഒരുക്കിയിട്ടുള്ളത്.
പഴയകാലത്ത് കുറ്റിക്കാട് ക്ഷേത്രത്തോട് ചേർന്നുള്ള വാണിഭക്കളത്തിലാണ് കണ്ണപ്പിൽ വാവുവാണിഭം നടന്നിരുന്നത്. ഭാരതപ്പുഴയിൽ വാവുബലിക്കെത്തുന്നവരെ മുഖ്യമായും ലക്ഷ്യമിട്ടാണ് വാവുവാണിഭം കൊണ്ടാടിയിരുന്നത്. എന്നാൽ, ക്ഷേത്രത്തിനോട് ചേർന്ന് കെട്ടിടങ്ങളും വീടുകളും ഉയർന്നതോടെ വാണിഭം റോഡരികിലേക്ക് മാറി. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള മലബാറിലെ തന്നെ പുരാതനവാണിഭമാണ് കുറ്റിക്കാട് കണ്ണപ്പിൽ വാണിഭമെന്നാണ് പഴമാക്കാർ പറയുന്നത്. നഗരവത്കരണത്തിനുമുമ്പ് നാടൻ ഉൽപന്നങ്ങൾ മുതൽ മറ്റ് ആവശ്യ സാധനങ്ങൾ വരെ വിറ്റഴിച്ചിരുന്ന നാടൻ ചന്ത എന്ന നിലയിൽ പ്രസിദ്ധമായ വാണിഭത്തിൽ പങ്കുകൊള്ളാൻ ദൂര ദിക്കുകളിൽ നിന്നുപോലും നിരവധിപേരാണ് എത്തിയിരുന്നത്. ധനവിനിയോഗം പരിമിതമായിരുന്ന കാലത്ത് ബാർട്ടർ സമ്പ്രദായത്തിന്റെ പകർപ്പുകൂടിയായിരുന്നു കുറ്റിക്കാട് വാവുവാണിഭം.
മലപ്പുറം ജില്ലക്കു പുറമെ അയൽജില്ലകളായ പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരും വ്യാപാരികളും തങ്ങളുടെ വിൽപന വസ്തുക്കളുമായി പൊന്നാനിയിൽ എത്താറുണ്ട്. നാടൻ കാർഷിക വിളകളും നാടൻ സാധനങ്ങളുമാണ് വാണിഭത്തിൽ കച്ചവടത്തിനായി എത്തുന്നത്. മധുരക്കിഴങ്ങ്, കൂർക്ക, കരിമ്പ്, നെല്ലിക്ക, കൂവ തുടങ്ങിയ നാടൻ കാർഷിക ഫലങ്ങളും മൺപാത്രങ്ങൾ, കാർഷികാവശ്യങ്ങൾക്കായുള്ള വിവിധ തരം ഉപകരണങ്ങൾ, ഔഷധചെടികൾ, അലങ്കാര ചെടികൾ തുടങ്ങിയവയും വിൽപനക്കായി എത്തിയിട്ടുണ്ട്.
സാധനങ്ങൾ വാങ്ങാൻ പൊന്നാനി, തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ എത്താറുണ്ട്. വാവു വാണിഭം പൊന്നാനിയുടെ പൈതൃകോത്സവമായാണ് നഗരസഭ കൊണ്ടാടുന്നത്. ഇത്തവണ കുട്ടികൾക്ക് നാടൻ കലാരൂപങ്ങളുമായി പരിചയപ്പെടാനുള്ള അവസരമായാണ് പൈതൃകോത്സവത്തെ നഗരസഭ സംഘടിപ്പിച്ചിട്ടുള്ളത്. പൂതൻ, തിറ, തെയ്യം, മണ്ണാറ പൂതം, നന്തുണിപ്പാട്ട്, വില്ലടിച്ചാൻ പാട്ട്, പുള്ളുവ വീണ, പുള്ളുവക്കുടം എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.