മഴക്കെടുതി ശക്തമായിട്ടും പൊന്നാനി നഗരം വില്ലേജിൽ ഓഫിസറില്ല
text_fieldsപൊന്നാനി: കടലാക്രമണം രൂക്ഷമായ പൊന്നാനി തീരദേശത്തെ പ്രധാന വില്ലേജ് ഓഫിസിൽ ഓഫിസറുടെ കസേര ഒഴിഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടു. നേരത്തെയുണ്ടായിരുന്ന വില്ലേജ് ഓഫിസർ ദീർഘാവധിയിൽ പോയതോടെയാണ് വില്ലേജ് ഓഫിസിന് നാഥനില്ലാതായത്. കടലാക്രമണത്തിൽ സംസ്ഥാനത്ത് തന്നെ വലിയ നാശനഷ്ടം സംഭവിച്ച പ്രദേശത്തെ വില്ലേജ് ഓഫിസിലാണ് പ്രധാന സമയത്ത് പോലും ഓഫിസറില്ലാത്തത്. നിലവിൽ ഈഴുവത്തിരുത്തി വില്ലേജ് ഓഫിസർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. വലിയ വില്ലേജായതിനാൽ ജോലിഭാരം അധികമുള്ളതിനാൽ ഇവിടെ ചുമതലയേൽക്കുന്ന വില്ലേജ് ഓഫിസർമാർ മാസങ്ങൾക്കകം തന്നെ സ്ഥലം മാറ്റം വാങ്ങിപ്പോകുകയാണ്. ചിലർ സംഘടനസ്വാധീനം ഉപയോഗിച്ചും സ്ഥലം മാറിപ്പോകുന്നതായി ആക്ഷേപമുണ്ട്. ജനസംഖ്യ വർധനവും ജീവനക്കാരുടെ കുറവും മൂലം യഥാസമയം സേവനം നൽകാൻ കഴിയാതെ വില്ലേജ് ഓഫിസ് ജീവനക്കാർ കുഴയുകയാണ്. 50,000 ലധികം പേരാണ് പൊന്നാനി നഗരം വില്ലേജ് ഓഫിസിന് കീഴിലുള്ളത്.
ദിനംപ്രതി വിവിധ സേവനങ്ങൾക്കായി നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ഓഫിസിൽ ആകെയുള്ളത് അഞ്ച് ജീവനക്കാരാണ്. ഇതിൽ വില്ലേജ് ഓഫിസർ അവധിയിലുമാണ്. നഗരസഭയുടെയും, ഫിഷറീസ് വകുപ്പിന്റെയും ആനുകൂല്യങ്ങൾക്കായി വരുമാന സർട്ടിഫിക്കറ്റിന് മാത്രം നിരവധി പേരാണ് ഇവിടെയെത്തുന്നത്.
തീരദേശ മേഖലയായതിനാൽ കടലാക്രമണമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് സഹായം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അനിവാര്യമാണ്. പുനർഗേഹം പദ്ധതിയുടെ ഭാഗമായി സ്ഥല പരിശോധന ഉൾപ്പെടെ നിരവധി ജോലിയുള്ളതിനാൽ കുറഞ്ഞ ജീവനക്കാരുമായി ഓഫിസ് പ്രവർത്തനം ഏറെ ബുദ്ധിമുട്ടിലാണ്.
പൊന്നാനി, പുതുപൊന്നാനി, വെള്ളീരി, പള്ളപ്രം, പുന്നത്തിരുത്തി, കടവനാട് എന്നീ ആറ് ദേശങ്ങളും പൊന്നാനി നഗരം, പുന്നത്തിരുത്തി, കടവനാട് എന്നീ മൂന്ന് അംശവുമാണ് വില്ലേജിന് കീഴിലുള്ളത്. നഗരസഭയിലെ 65 ശതമാനം ജനസംഖ്യയും ഈ വില്ലേജിന് കീഴിലാണ്. 30 ലേറെ വാർഡുകൾ ഉൾപ്പെടുന്നതും പൊന്നാനി വില്ലേജിലാണ്.
2009 ൽ പാലോളി മുഹമ്മദ് കുട്ടി തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഈഴുവത്തിരുത്തി വില്ലേജ് വിഭജിച്ച് കടവനാട് അംശം പൊന്നാനി വില്ലേജിനോട് കൂട്ടിച്ചേർത്തത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടതോടെ ജനസാന്ദ്രത ഏറിയതോടെ വില്ലേജ് പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻനാകുന്നില്ല. പുതുപൊന്നാനി ആസ്ഥാനമായി മറ്റൊരു വില്ലേജ് ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വില്ലേജ് ഓഫിസറെ നിയമിക്കാൻ നിർദ്ദേശം നൽകിയതായി എം.എൽ.എ
പൊന്നാനി: പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ഓഫിസറില്ലാത്തതിന് പരിഹാരം കാണാൻ അടിയന്തിര ഇടപെടൽ നടത്തിയതായി പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, പുതിയ വില്ലേജ് ഓഫിസർ ചുമതലയേൽക്കുന്നത് വരെ വർക്ക് അറേഞ്ച്മെൻ്റിൽ ഓഫിസറെ നിയമിക്കാൻ സബ് കലക്ടർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
കലക്ടർക്ക് റിപ്പോർട്ട് നൽകി തഹസിൽദാർ
പൊന്നാനി: വില്ലേജ് ഓഫിസറില്ലാത്ത വിഷയത്തിൽ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി തഹസിൽദാർ കെ. ഷാജി പറഞ്ഞു. പുതിയ നിയമനങ്ങൾ നടക്കുമ്പോൾ സ്ഥിരം ഓഫിസറെ നിയമിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.