പൊട്ടിപ്പൊട്ടി ദേശീയപാതയിലെ ജലവിതരണ പൈപ്പ്
text_fieldsപൊന്നാനി: ചരക്കുലോറി കയറിയതിനെ തുടർന്ന് ഒരാഴ്ച മുമ്പ് മാറ്റിസ്ഥാപിച്ച കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡിന്റെ തീരാശാപമായിരിക്കുകയാണ് ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ. പൈപ്പ് പൊട്ടുന്നത് മേഖലയിലെ ശുദ്ധജല വിതരണവും അവതാളത്തിലാക്കി. കഴിഞ്ഞദിവസം ലോറി കയറി പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വെള്ളം പരന്നൊഴുകി. ഇതേതുടർന്ന് പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു. 35 ടൺ ഭാരമുള്ള ലോറിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിൽ കഴിഞ്ഞദിവസം കുടുങ്ങിയത്. പൈപ്പ് പൊട്ടിയതോടെ മേഖലയിലെ കുടിവെള്ള വിതരണവും നിലച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശുദ്ധജല വിതരണം പുനരാരംഭിച്ചത്.
ഈ ഭാഗത്ത് റോഡിൽ വലിയ കുഴിയെടുത്താണ് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. കുഴിയിലെയും റോഡിലെയും വെള്ളം വറ്റിയതിന് ശേഷമേ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ നടത്തുവെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. അതുവരെ ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ ഭാഗത്ത് നിരവധി തവണ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കാലപ്പഴക്കമേറിയ ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നത് തുടർക്കഥയായിരിക്കുകയാണ്.
റോഡിലെ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വീണ്ടും കുഴിയടച്ചു. ഈ ഭാഗത്താണ് കഴിഞ്ഞദിവസം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്തത്.
എട്ടുമാസം മുമ്പ് 1.65 കോടി രൂപ ചെലവിൽ പുനർനിർമിച്ച റോഡാണ് വാട്ടർ അതോറിറ്റി ഇടക്കിടെ പൊളിച്ചിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുടിവെള്ള പൈപ്പുകളാണ് ഈ റോഡിന് താഴെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.