പൊന്നാനിയിൽ കുടിനീരെത്തും
text_fieldsപൊന്നാനി: തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. രണ്ടാഴ്ചക്കുള്ളിൽ അറുനൂറോളം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കും. അമൃത് ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പൊന്നാനിയിലെ തീരദേശ മേഖലയിൽ അയ്യായിരം കുടുംബങ്ങൾക്ക് ശുദ്ധജല കണക്ഷൻ നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇടക്ക് സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി പാതിവഴിയിൽ നിന്നെങ്കിലും പ്രതിസന്ധികൾ മറികടന്ന് അതിവേഗം ശുദ്ധജലമെത്തിക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി അധികൃതർ. നേരത്തെ ശുദ്ധജല കണക്ഷൻ എത്തിച്ച വീടുകളിലേക്കാണ് ജലവിതരണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനി കടലോര മേഖലയിലും കടവനാട് മേഖലയിലുമാണ് അമൃത് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് പുതിയ ശുദ്ധജല കണക്ഷൻ നൽകുന്നത്. നഗരസഭയിലെ നാലാം വാർഡിലാണ് ആദ്യഘട്ടപണികൾ തുടങ്ങിയിരുന്നത്. തീരദേശ മേഖലയിലെ 13 വാർഡുകളിൽ പദ്ധതി എത്തിക്കും. തീരമേഖലയിൽ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 34 കിലോമീറ്റർ നീളത്തിലാണ് ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നത്. തൃക്കാവിലെ ശുദ്ധജല ടാങ്കിൽനിന്നാണ് മേഖലയിലേക്ക് വെള്ളമെത്തിക്കുക.
തീരദേശത്തെ ബി.പി.എൽ കുടുംബങ്ങൾക്ക് 30,000 ലിറ്റർ ശുദ്ധജലം പ്രതിമാസം സൗജന്യമായി നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അമൃത് പദ്ധതിക്കു പുറമേ പൊന്നാനിയിൽ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കാൻ ജൽജീവൻ പദ്ധതിയുടെ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.