രോഗികളോട് എന്തിനീ ക്രൂരത പൊന്നാനി ഡയാലിസിസ് സെന്റർ ചോർന്നൊലിക്കുന്നു
text_fieldsപൊന്നാനി: നിർധനരായ ഡയാലിസിസ് രോഗികളുടെ ആശാകേന്ദ്രമായ പൊന്നാനി ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിനോട് അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത. പി.എം.ജെ.വി.കെ പദ്ധതി പ്രകാരം 4.40 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും കെട്ടിട നിർമാണത്തിനായി ചെറുവിരലനക്കാൻ നഗരസഭ അധികൃതർ തയാറാവുന്നില്ല. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് രോഗികൾ ഡയാലിസിസിന് വിധേയരാകുന്നത്. മഴവെള്ളം കൊണ്ട് കട്ടിൽ തുരുമ്പെടുത്ത അവസ്ഥയിലാണ്.
പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലം നിർമാണം അനിശ്ചിതത്വത്തിലാണ്. പദ്ധതിയുടെ ഭാഗമായുള്ള ഫയലുകൾ നീക്കാൻ ബന്ധപ്പെട്ട അധികൃതർ നിസ്സംഗത പുലർത്തുന്നതിനാൽ ഫണ്ട് പാഴാകുമെന്ന സ്ഥിതിയാണ്. മണ്ണ് പരിശോധന ഉൾപ്പെടെ പൂർത്തീകരിച്ചെങ്കിലും കെട്ടിട നിർമാണം എപ്പോൾ ആരംഭിക്കുമെന്നതിൽ അവ്യക്തത നിലനിൽക്കുന്നു. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കുകയും കൂട്ടിരിപ്പുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിച്ചുമാണ് കെട്ടിടത്തിന് രൂപരേഖ തയാറാക്കിയത്.
ടി.ബി ആശുപത്രി കോമ്പൗണ്ടിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ ഡയാലിസിസ് സെൻറർ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ചുമരുകൾക്ക് പലയിടത്തും വിള്ളലുകളുണ്ട്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഏറെ പ്രയാസത്തിലാണ് ഡയാലിസിസ് നടത്തുന്നത്. സെന്ററിന്റെ പ്രവർത്തനത്തിന് തുച്ഛമായ സർക്കാർ ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം മൂലമാണ് സെന്റർ മുന്നോട്ടുപോകുന്നത്. സെന്ററിന്റെ പ്രവർത്തനത്തിന് സ്വകാര്യ വ്യക്തികൾ സഹായവുമായി മുന്നോട്ടുവരുമ്പോഴും അധികൃതർ ഡയാലിസിസ് സെൻററിനെ അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.