മലബാർ സമരത്തിെൻറ ഓർമകളുറങ്ങുന്ന പൊന്നാനിയിലെ പാലം വിസ്മൃതിയിലേക്ക്
text_fieldsപൊന്നാനി: മലബാർ സമരത്തിെൻറ ഓർമകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം വിസ്മൃതിയിലേക്ക്. പൊന്നാനി പള്ളപ്രം പാലമാണ് കൽത്തൂണുകൾ മാത്രമായി അവശേഷിക്കുന്നത്. മലബാർ സമരനാളിൽ പോരാളികൾ പൊന്നാനിയിലെത്തുന്നത് തടയാൻ പള്ളപ്രത്തെ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊളിച്ചിരുന്നു.
ഇതോടെ ഖിലാഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു. സമരാനന്തരം ബ്രിട്ടീഷുകാർ കോൺക്രീറ്റ് പാലങ്ങളാക്കി. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിെൻറയും മലബാർ സമരത്തിെൻറയും ഓർമകൾ നിൽക്കുന്ന പാലം പൊളിക്കാൻ പോവുകയാണ്. പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കുറുകെയാണിത് സ്ഥിതി ചെയ്യുന്നത്. പൊന്നാനി നഗരമധ്യത്തിലൂടെ കടന്നു പോകുന്ന കനോലി കനാലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖലയെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതുക്കിപ്പണിതു.
ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃക്കാവ്, കറുകതിരുത്തി, കൊല്ലംപടി മേഖലയിലുള്ളവർ നാല് പതിറ്റാണ്ട് മുമ്പ് പൊന്നാനി പടിഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്.
അന്ന് വാഹന ഗതാഗത സൗകര്യവും ഒന്നുമുണ്ടായിരുന്നില്ല. പാലത്തിെൻറ പടികൾ കയറി ഇറങ്ങി കാൽനടയായി ആയിരുന്നു യാത്ര. എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാലം യാഥാർഥ്യമായി. അതോടെ ബ്രിട്ടീഷുകാർ നിർമിച്ച പാലം ഉപയോഗശൂന്യമായി. ഇതിെൻറ ചവിട്ടുപടികൾ പിന്നീട് തകർന്നുവീണു. പുതുപൊന്നാനി, വെളിയങ്കോട് മേഖലകളിൽനിന്ന് കടലിൽ മീൻപിടിക്കാൻ പോകുന്ന വള്ളക്കാർക്ക് ഉപയോഗശൂന്യമായ പാലം അപകട ഭീഷണിയിലാണ്.
കനോലി കനാൽ പുനരുദ്ധാരണത്തിെൻറ ഭാഗമായി ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്. ടൂറിസം മേഖലയിലെ പുരോഗതിക്കും വഴിയൊരുക്കുന്ന സോളാർ ബോട്ട് യാത്ര ആരംഭിക്കുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്തെ ഓർമകൾ അവശേഷിക്കുന്ന പാലവും മൺമറയും. അതോടെ പൊന്നാനിക്ക് നഷ്ടമാകുന്നത് മലബാർ സമരത്തിെൻറ അവശേഷിക്കുന്ന ഓർമകൾ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.