പാലിയേറ്റീവിന് 12,000 മെഡിസിൻ കവറൊരുക്കി ആർജിദിന്‍റെ പിറന്നാൾ ആഘോഷം
text_fieldsപൂക്കോട്ടുംപാടം: ജന്മദിനത്തിൽ കാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി ആർജിദ് കൃഷ്ണ. 12,000 മെഡിസിൻ കവറുകൾ നിർമിച്ചു പാലിയേറ്റീവ് കെയറിനു നൽകിയാണ് ആർജിദ് തന്‍റെ 12ാം ജന്മദിനം ആഘോഷിച്ചത്. സാധാരണ രീതിയില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാവരും കേക്ക് മുറിച്ചു മധുരം നല്‍കിയുമെല്ലാമാണ് നടത്താറുള്ളത്. എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായി എന്തുചെയ്യാം എന്ന ചിന്തയാണ് ഏഴാം ക്ലാസുകാരനായ ആര്‍ജിദ് കൃഷ്ണയെ മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിലെത്തിച്ചത്.
പൂക്കോട്ടുംപാടം തരിശ് സ്വദേശികളായ വി.കെ. കുട്ടന്റെയും നഴ്സായ ഷീജയുടെയും മൂത്ത മകനാണ് ആർജിദ്. പൂക്കോട്ടുംപാടം എ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ്. മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഓരോ വര്‍ഷവും പ്രദേശത്തെ നിർധനരായ കുട്ടികള്‍ക്ക് പുസ്തകം അടക്കമുള്ളവ നല്‍കാറുണ്ട്. ഇതു കണ്ടു വളര്‍ന്ന ആര്‍ജിദ് തന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ രീതിയില്‍ നാടിനു ഉപകാരമാകുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെയാണ് ഇത്തരത്തില്‍ ഒരു ആശയം പിറവിയെടുത്തത്.
ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് 12,000 മെഡിസിന്‍ കവറുകള്‍ നിര്‍മിച്ചത്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ നല്‍കിയ പഴയ നോട്ടീസുകള്‍ ഉപയോഗിച്ചാണ് കവർ നിർമാണം തുടങ്ങിയത്. വിവരമറിഞ്ഞ മാമ്പൊയിലില്‍ പലചരക്കുകട നടത്തുന്ന നാണി കവര്‍ ഉണ്ടാക്കാനുള്ള പശയും സൗജന്യമായി നല്‍കി. രക്ഷിതാക്കള്‍ നല്‍കുന്ന പിന്തുണയാണ് ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ആര്‍ജിദ് പറഞ്ഞു.
പൂക്കോട്ടും പാടം എ.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ ഫസല്‍ ഹഖിൻ്റെ സാന്നിധ്യത്തില്‍ കവറുകള്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ എ. റിയാസ് ബാബു, പുലത്ത് ഉണ്ണി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.