നാലു പതിറ്റാണ്ട് കാലത്തെ സൗഹൃദത്തിന്റെ ഓർമച്ചെപ്പ്
text_fieldsപൂക്കോട്ടുംപാടം: നാലു പതിറ്റാണ്ടു കാലത്തെ സൗഹൃദം പങ്കുവെക്കാൻ അവർ വീണ്ടും ഒത്തുകൂടി. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1978-79 വർഷത്തെ 10ാം ക്ലാസ് വിദ്യാർഥികളാണ് 43 വർഷങ്ങൾക്കുശേഷം ഒത്തുകൂടിയത്. വർഷങ്ങൾക്കിപ്പുറം വ്യത്യസ്ത രാഷ്ട്രീയ സംഘടന പ്രവർത്തകരും ഉദ്യോഗസ്ഥരുമായ ആ പഴയ വിദ്യാർഥികൾ ഒരിക്കൽക്കൂടി സഹപാഠി സ്നേഹബന്ധത്തിന്റെ സൗഹൃദം ആസ്വദിച്ചു.
1975 കാലയളവിൽ പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ പായമ്പാടം ഗവ. എൽ.പി സ്കൂളിൽ താൽകാലികമായി പ്രവർത്തിക്കുമ്പോഴാണ് ഇവർ എട്ടാം ക്ലാസ് വിദ്യാർഥികളായി സ്കൂളിലെത്തുന്നത്. അസൗകര്യങ്ങളുടെ ഇടയിലെ പഠനവും അനുഭവങ്ങളും വിഷമങ്ങളും മധുരമുള്ള ഓർമകളായി സംഗമത്തിലെത്തിയവർ പങ്കുവെച്ചു. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചവരും ബിസിനസുകാരും വീട്ടമ്മമാരുമായ പൂർവ വിദ്യാർഥികൾക്ക് നഷ്ടസൗഹൃദങ്ങളെ തിരിച്ചുപിടിക്കാനുള്ള വേദികൂടിയായി സംഗമം. 80ലധികം പേർ സംഗമത്തിൽ പങ്കാളികളായി. വിദ്യാർഥി സംഗമം അന്നത്തെ അധ്യാപകരായ ഉദിരംപൊയിൽ ഹംസ മാസ്റ്ററും വടപുറത്തെ അഹമ്മദ് സഫീർ മാസ്റ്ററും ഗ്രേസി ടീച്ചറും ഉദ്ഘാടനം ചെയ്തു. പി.എസ്. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.പി. വിനോദ്, റോയ്, രാധാകൃഷ്ണൻ, അലവിക്കുട്ടി, വിജയകുമാരി, സാവിത്രി, കെ.എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.