ഇടിച്ച ബൈക്കിന് പകരം ഹാജരാക്കിയത് വേറെ വാഹനം; പൊലീസ് കേസെടുത്തു
text_fieldsപൂക്കോട്ടുംപാടം: ബൈക്കിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയ സംഭവത്തിൽ യുവാവിനെതിരെയും ആർ.സി ഉടമക്കെതിരെയും പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി വള്ളിക്കാപറമ്പിൽ ഫിറോസ് ബാബു (37), വാഹന ഉടമ വണ്ടൂർ കൂലിക്കാട്ടുപടി സ്വദേശി മുക്കണ്ണൻ സിംജിത് (36) എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ എട്ടിന് പൂക്കോട്ടുംപാടം നരിപൊയിൽ സ്വദേശി നാലകത്ത് അബൂബക്കറിനെയാണ് (70) ഫിറോസ് ബാബു ഓടിച്ച KL 10 R 7044 നമ്പർ ബൈക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അബൂബക്കർ കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ 12ന് മരിച്ചു. തുടർന്ന് കേസെടുത്ത പൊലീസ് ഫിറോസ് ബാബുവിനോട് ബൈക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ മതിയായ രേഖകൾ ഇല്ലാത്തതിനാൽ KL 71 A 2928 നമ്പർ ബുള്ളറ്റ് ഹാജരാക്കുകയായിരുന്നു.
പൂക്കോട്ടുംപാടം ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നേതൃത്വത്തിൽ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളെ ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തിൽ അപകടസമയത്ത് ഫിറോസ് ബാബു ഓടിച്ച വാഹനം ബൈക്കാണെന്ന് കണ്ടെത്തുകയായിരുന്നു. ഇൻഷുറൻസ് ക്ലെയിം ലഭിക്കാനാണ് വാഹനം മാറ്റിയതെന്ന് പ്രതികൾ സമ്മതിച്ചു. എസ്.ഐ പി. അബ്ദുൽ കരീം, സി.പി.ഒ എ.പി. അൻസാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.