കരടി: കൽച്ചിറയിൽ കൂട് സ്ഥാപിച്ചു
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്തെ ടി.കെ കോളനിയിലും പരിസരത്തും തേൻ പെട്ടികൾ തകർത്ത് തേൻ കുടിച്ച് നാട്ടുകാരിൽ ഭീതി പരത്തുന്ന കരടിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഒരു മാസത്തിലധികമായി ഒളർവട്ടം, പൊട്ടിക്കല്ല്, പരിയങ്ങാട്, ചുള്ളിയോട് തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയായാൽ തേൻ തേടി കരടിയെത്തുന്നത് പതിവാണ്. ഇതുവഴി സഞ്ചരിക്കുന്ന വാഹന യാത്രികർക്ക് മുന്നിൽ പല തവണയാണ് കരടി പ്രത്യക്ഷപ്പെട്ടത്.
മാത്രമല്ല, പ്രദേശത്തെ റബർ തോട്ടങ്ങളിൽ സ്ഥാപിച്ച നിരവധി തേൻ പെട്ടികളാണ് തല്ലിത്തകർത്തത്.കവളമുക്കട്ട കൽച്ചിറ എടക്കര വേർക്കേട്ടിൽ സുരേഷ് ബാബുവിന്റെ വീട്ടുവളപ്പിൽ തിങ്കളാഴ്ച രാത്രി പത്തരയോടെ കരടിയെ കണ്ടെത്തി. ഇതോടെയാണ് വനം വകുപ്പ് ആർ.ആർ.ടിയുടെ സഹായത്തോടെ കൽച്ചിറ ഭാഗത്ത് കൂട് സ്ഥാപിച്ചത്. കരടി ശല്യം വ്യാപകമായതോടെ തേൾപ്പാറ ജനകീയ സമിതി ചക്കിക്കുഴി വനം വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
തുടർന്ന് നിലമ്പൂർ സൗത്ത് ഡി.എ.ഒ പി. പ്രവീൺ സ്ഥലം സന്ദർശിച്ച് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അമീൻ അഹ്സന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ യാസർ കുരുണിയൻ, അജിത് ആൻറണി, വാച്ചർമാരായ അജയൻ, സന്ദീപ്, പി.വി. നിഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.