നടുറോഡിൽ കരടി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsപൂക്കോട്ടുംപാടം: ടി.കെ കോളനി പരിസരത്തുനിന്ന് വിട്ടുമാറാതെ കരടി. ബുധനാഴ്ച രാത്രി ടി.കെ കോളനി റോഡിലെ പരിയങ്ങാട്ട് വാഹന യാത്രക്കാര്‍ക്ക് മുന്നില്‍ എത്തിയ കരടിയെ തുരത്തിയോടിക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു.
ടി.കെ കോളനിയിലും പരിസരങ്ങളിലും കരടി ഭീതി പരത്താനും കര്‍ഷകരുടെ തേൻപെട്ടികള്‍ നശിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയും വിഷയം ഉന്നത വനം വകുപ്പ് അധികൃതര്‍ക്ക് മുന്നിലെത്തുകയും ചെയ്തതോടെ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി. പ്രവീൺ സ്ഥലം സന്ദര്‍ശിച്ച് പരിഹാരം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിത്യവും പ്രദേശത്തെ വിവിധയിടങ്ങളില്‍ കരടി എത്തുകയും നാശം വിതക്കുകയുമാണ്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് പരിയങ്ങാട് റോഡിന് നടുവില്‍ കരടിയെ ബൈക്ക്, കാര്‍ യാത്രക്കാര്‍ കണ്ടത്. കരടിക്ക് മുന്നില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് യാത്രികനായ ചെട്ടിപ്പാടത്തെ സിബി പറഞ്ഞു. ആളുകള്‍ കൂടിയതോടെ അടുത്തുള്ള റബര്‍ എസ്റ്റേറ്റില്‍ കയറി നിലയുറപ്പിച്ച കരടി ഇവിടെയുള്ള തേൻപെട്ടികൾ നശിപ്പിച്ചു.
വിവരം അറിഞ്ഞ ഉടനെ വനം ആര്.ആര്.ടി അധികൃതരെത്തി പടക്കം പൊട്ടിച്ചും നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയും വെളിച്ചം തെളിച്ചുമാണ് കാട്ടിലേക്ക് തുരത്തിയത്. നിത്യവും പ്രദേശത്തിന്റെ പലഭാഗങ്ങളിൽ എത്തുന്ന കരടിയെ കൂട് സ്ഥാപിച്ച് പിടികൂടുകയല്ലാതെ മറ്റ് പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളുകളുടെ ജീവന് ഭീഷണിയായ കരടി ജനങ്ങളെ ആക്രമിച്ച ശേഷം നടപടിയെടുക്കാന്‍ അധികൃതര്‍ കാത്തുനില്‍ക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.