മതിലിൽ നിൽക്കുന്ന കോഴികൾ വൈറൽ; കാമറയെ വെല്ലും ആരിഫയുടെ ഈ ചിത്രം
text_fieldsപൂക്കോട്ടുംപാടം: കാമറയിലെടുത്ത ഫോട്ടോ പോലെ തോന്നുന്ന, ആരിഫ എന്ന ചിത്രകാരി വരച്ച മതിലിൽ നിൽക്കുന്ന രണ്ടുകോഴികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. ആരിഫ 15 ദിവസമെടുത്ത് അക്രിലിക് പെയിൻറിങ്ങിലൂടെ വരച്ച ചിത്രമാണ് ചിത്രകാരനും പ്രവാസിയുമായിരുന്ന പിതാവ് വി.പി. ഇസ്ഹാഖ് തെൻറ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. വീടിനുസമീപത്തെ മതിലിൽ നിൽക്കുന്ന രണ്ടുകോഴികൾ നിൽക്കുന്ന പെയിൻറിങ്ങാണ് കാമാറയിലെടുത്ത ഫോട്ടോ പോലെ തോന്നുന്നത്. ചിത്രം വരച്ചതാണെന്ന് പറഞ്ഞാൽ ഒറ്റ നോട്ടത്തിൽ വിശ്വാസിക്കാനാവില്ല.
ആറ് വയസ്സുമുതലാണ് പിതാവ് ഇസ്ഹാഖ് വരക്കുന്നത് കണ്ട് ആരിഫയും വരച്ചു തുടങ്ങിയത്. ആദ്യമൊക്കെ പെൻസിൽ ഡ്രോയിങ്ങും പിന്നീട് വാട്ടർ കളറുമാണ് ഉപയോഗിച്ചിരുന്നത്. 13 വയസ്സോടെയാണ് ഓയിൽ പെയിൻറിലേക്ക് ചുവടുവെച്ചത്.
ഇതിനോടകം 15ലധികം ചിത്രങ്ങൾ വരച്ച ഈ ചിത്രകാരിക്ക് റിയലിസ്റ്റിക് ചിത്രങ്ങളോടാണ് ഏറെ ഇഷ്ടം. സ്വന്തം ചിത്രവും നെൽപാടങ്ങളും ഇടവഴികളും ചെമ്പരത്തിയും മോഹിനിയാട്ടവും കുടുംബ ചിത്രങ്ങളുമൊക്കെ വരക്കുന്നതിൽ ആരിഫയുടെ വിരലുകളുടെ മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണ്. വിവാഹത്തിനുശേഷം വരകൾക്ക് ഇടവേള നൽകിയ ആരിഫ ഈ അടുത്ത ദിവസമാണ് വൈറലായ ചിത്രം വരച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ അഭിനന്ദനങ്ങളും ആശംസകളും മികച്ച അഭിപ്രായങ്ങളുമാണ് ലഭിച്ചത്. ഇത് വീണ്ടും വരക്കാനുള്ള പ്രചോദനമായെന്ന് ആരിഫ പറയുന്നു. ലോക്ഡൗണിനുശേഷം സാഹചര്യം ഒത്തുവന്നാൽ ചിത്രപ്രദർശനം നടത്താൻ ആഗ്രഹമുണ്ടെന്നും കൂട്ടിച്ചേർത്തു. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഷഫീക്കലിയുടെയും പൂർണപിന്തുണയുമുണ്ട്.
പിതാവ് വി.പി. ഇസ്ഹാഖിനെ കൂടാതെ അനിയത്തി ജുമാനയും ചിത്രകാരിയാണ്. മാതാവ് നബ്മാബിയാണ് ചിത്രങ്ങളുടെ അപാകതകളും ന്യൂനനതകളും പരിശോധിക്കുന്നത്. മൂന്നുപതിറ്റാണ്ടിലധികമായി പ്രവാസികളായ ഈ കലാകുടുംബം ഇപ്പോൾ പൂക്കോട്ടുംപാടത്ത് പുതിയ ചിത്രങ്ങളൊരുക്കുന്ന തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.