അമരമ്പലത്ത് കടകൾ തുറക്കുന്നതിനെ ചൊല്ലി വ്യാപാരികളും പൊലീസും തമ്മിൽ തർക്കം
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്ത് കടകൾ തുറക്കുന്നതിനെ ചൊല്ലി വ്യാപാരികളും പൊലീസും തമ്മിൽ വാക്തർക്കവും വ്യാപാരികളുടെ പ്രതിഷേധ പ്രകടനവും.
കോവിഡ് വ്യാപനം അതിരൂക്ഷമായ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് നിയന്ത്രണം കടുപ്പിക്കാനുള്ള പൊലീസ് തീരുമാനത്തിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. 19 വാർഡുകളുള്ള പഞ്ചായത്തിൽ 17 വാർഡുകളും സമ്പർക്ക വിലക്കുള്ള മേഖലകളാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.
വെള്ളിയാഴ്ച രാവിലെത്തന്നെ കട തുറന്ന വ്യാപാരികളോട് അടക്കാൻ പൊലീസ് നിർദേശം നൽകി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവദിച്ചത്. ഇതേതുടർന്ന് ചില കടകൾ അടച്ചെങ്കിലും ബഹുഭൂരിപക്ഷവും തുറന്നു പ്രവർത്തിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് മുഴുവൻ കടകളും അടക്കാൻ പൊലീസ് വീണ്ടും നിർദേശം നൽകി.
എന്നാൽ, സർക്കാർ അംഗീകരിച്ച സമയം വരെ തുറക്കാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീണ്ടുമെത്തി കടകൾ അടക്കാനാവശ്യപ്പെട്ടു. ഈ സമയം വ്യാപാരികൾ സംഘടിച്ച് പൂക്കോട്ടുംപാടം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്ത് ഓഫിസ് കവാടം ഉപരോധിക്കുകയും ചെയ്തു.
തുടർന്ന് പൊലീസ് വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് വ്യാപാരികൾ പിരിഞ്ഞുപോയി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയിൽ വ്യാപാരി പ്രതിനിധികളും പൊലീസുമായി ചർച്ച നടത്തി. പൂക്കോട്ടുംപാടം അങ്ങാടിയോട് ചേർന്ന വാർഡുകളിലൊന്നും കോവിഡ് വ്യാപനമില്ലെന്നും കടകൾ തുറക്കാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ഒടുവിൽ നിലമ്പൂർ ഡിവൈ.എസ്.പി സാബു കെ. എബ്രഹാമും സ്ഥലത്തെത്തി വ്യാപാരികളുമായി ചർച്ച നടത്തി. ജില്ലയിൽതന്നെ കൂടുതൽ കോവിഡ് രോഗികളുള്ള അമരമ്പലത്ത് കോവിഡ് മാനദണ്ഡം മറികടന്ന് കടകൾ തുറക്കാൻ അനുവദിക്കാനാവില്ല എന്ന നിലപാടാണ് പൊലീസിനുള്ളത്.
അമരമ്പലത്തെ സ്ഥിതിഗതികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജില്ല കലക്ടറെ ഫോണിൽ വിളിച്ച് അറിയിച്ചു. കലക്ടറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വ്യാപാരികൾ. പ്രതിഷേധങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ്, ഭാരവാഹികളായ എൻ. അബ്ദുൽ മജീദ്, നബീൽ കസാമിയ, മുനീർ സ്മാർട്ട്, അബ്ബാസ്, സലീം ഇരുമ്പുഴി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.