മാന്ത്രിക കുപ്പായം അഴിച്ചുവെച്ച് അമ്മക്കരികിൽ മുതുകാട്
text_fieldsപൂക്കോട്ടുംപാടം (മലപ്പുറം): ഇന്ദ്രജാലം കൊണ്ട് മാസ്മരിക വിസ്മയം തീർത്ത പ്രശസ്ത മാന്ത്രികൻ മുതുകാട് ഗോപിനാഥ് പ്രഫഷനൽ മാജിക് രംഗത്തുനിന്ന് പിന്മാറിയ ശേഷം അമ്മയെ കാണാൻ വീട്ടിലെത്തി. ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനാണ് തീരുമാനം. കഴിഞ്ഞദിവസമാണ് മുതുകാട് തെൻറ ഫേസ്ബുക്ക് പേജിൽ പ്രഫഷനൽ മാജിക് രംഗത്തുനിന്ന് വിട പറയുന്ന വിവരം അറിയിച്ചത്.
തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് കല-സാംസ്കാരിക പ്രവർത്തകരും മറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മനഃസാക്ഷിയോടുമാത്രം ആലോചിച്ചാണ് മാന്ത്രികെൻറ കുപ്പായം അഴിച്ചുവെക്കാൻ തീരുമാനിച്ചതെന്ന് മുതുകാട് പറഞ്ഞു. ഇതുപോലൊരു തീരുമാനമാണ് തന്നെ 25 വർഷം മുമ്പ് തിരുവനന്തപുരത്തേക്ക് ഇന്ദ്രജാലക്കാരനായി എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുവർഷം മുമ്പ് കോഴിക്കോട്ടാണ് അവസാനമായി മുതുകാട് മാജിക് മെഗാ ഷോ നടത്തിയത്. 3000 വേദികൾ പിന്നിട്ട ഇദ്ദേഹം 54 വിദേശ രാജ്യങ്ങളിൽ മാജിക് അവതരിപ്പിച്ചിട്ടുണ്ട്. മാജിക്കിനെ ജനകീയമാക്കുന്നതോടൊപ്പം മാജിക് പഠനത്തിനായി തിരുവനന്തപുരം പൂജപ്പുരയിൽ മാജിക് അക്കാദമി ആരംഭിച്ചു. ഇതിെൻറ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനമാണ് ഇനി ലക്ഷ്യം. തിരുവനന്തപുരത്ത് ഇവർക്കുവേണ്ടി ഡിഫറൻറ് ആർട്ട് സെൻറർ എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഏഴ് സ്റ്റേജുകളുള്ള സെൻററിൽ ബസുകൾ വഴി കുട്ടികളെ എത്തിക്കുകയും യോഗ, മെഡിറ്റേഷൻ, തൊഴിൽപരിശീലനം തുടങ്ങി അവരെ സ്വയം പര്യാപ്തമാക്കുന്നതിനാവശ്യമായതെല്ലാം നൽകുകയാണ് ഉദ്ദേശ്യം.
യൂനിവേഴ്സൽ എംപവർ സെൻറർ, ഇന്ത്യയിലെ ആദ്യത്തെ ഡിഫറൻറ് സ്പോർട്സ് സെൻറർ എന്നിവക്കും തുടക്കം കുറിച്ചു. സാഹിത്യം, ലഹരിവിരുദ്ധ ബോധവത്കരണം, മോട്ടിവേഷൻ തുടങ്ങിയ വേദികളിലും ടെലിവിഷൻ ചാനലുകളിലും കാണാമെങ്കിലും മെഗാ മാജിക് ഷോയുമായി വേദികളിൽ ഇനി ഉണ്ടാവില്ലെന്ന് മുതുകാട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.