പാട്ടക്കരിമ്പ് കോളനിയിൽ പുലി ഉറക്കം കെടുത്തുന്നു
text_fieldsപൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കോളനിയിൽ പുലി നിത്യസന്ദർശം നടത്തുന്നത് കോളനിക്കാരുടെ ഉറക്കം കെടുത്തുന്നു. രാത്രി എത്തുന്ന പുലിക്ക് നായ്ക്കളോടാണ് ഏറെ പ്രിയം. ഒന്നു, രണ്ടു മാസത്തിനുള്ളിൽ കോളനിയിലെ പല വീടുകളിലുമായി നൂറിലധികം വളർത്തുനായ്ക്കൾ ഉണ്ടായിരുന്നതിൽ പുലിയുടെ ആക്രമണത്തെ തുടർന്ന് ഇപ്പോൾ ആറു നായ്ക്കൾ മാത്രമാണുള്ളതെന്നാണ് കോളനിക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയെത്തിയ പുലി കോളനിയിലെ ബിന്ദുവിന്‍റെ വീടിന്‍റെ അടുക്കളയിൽനിന്നാണ് പട്ടിയെ കൊണ്ടുപോയത്. നിരന്തരമായി പുലിസാന്നിധ്യം ഉണ്ടാകുന്നതിനാൽ ഭീതിയോടെയാണ് കഴിയുന്നതെന്ന് ബിന്ദു പറഞ്ഞു. ഒരു മാസത്തിനിടക്ക് പുലിയുടെ ആക്രമണത്തിൽ കോളനിയിലെ കുറുമ്പി, നാഗൻ, മിനി എന്നിവരുടെ രണ്ട് പശുക്കിടാങ്ങളും ചത്തിരുന്നു. പട്ടി പിടിത്തം കഴിയുമ്പോൾ ഇനി മനുഷ്യർക്ക് നേരെ തിരിയുമോയെന്ന ഭീതിയിലാണ് കോളനിക്കാർ.
വനം വകുപ്പ് അധികൃതരോട് പുലിശല്യത്തെക്കുറിച്ച് പറയുമ്പോൾ, വനത്തിനുള്ളിലെ കോളനിയിൽ പുലിയെത്തുന്നത് തടയാനാവില്ലെന്ന നിലപാടാണ് ഉള്ളതെന്ന പരാതിയും കോളനിക്കാർക്കുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ മറ്റു സ്ഥലങ്ങളിൽനിന്ന് പെരുമ്പാമ്പുകളെ പിടികൂടി വനത്തിൽ എത്തിക്കുന്നതിനാൽ പാമ്പ് ശല്യവും രൂക്ഷമായതായി കോളനിയിലെ സ്ത്രീകൾ പറഞ്ഞു. വനത്തിൽനിന്ന് ഇറങ്ങുന്ന പെരുമ്പാമ്പ് ആടുകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ പിടികൂടുന്നു. പുലിയുൾപ്പെടെ വന്യമൃഗ ശല്യങ്ങൾക്ക് സത്വര പരിഹാരം കാണണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.