പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ കരടിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്
text_fieldsപൂക്കോട്ടുംപാടം (മലപ്പുറം): വനത്തിനകത്ത് കിഴങ്ങുവർഗ്ഗങ്ങൾ ശേഖരിക്കുന്നതിനിടെ കരടിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. തേൾപ്പാറ ടി.കെ കോളനിയിലെ മൊരടൻ കുഞ്ഞനാണ് (56) പരിക്കേറ്റത്. തലക്കു പുറകിൽ സാരമായ പരിക്കേറ്റ കുഞ്ഞനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വള്ളിമാങ്ങയും കൂണും ശേഖരിക്കാനായാണ് ടി.കെ കോളനിക്ക് സമീപം വനാതിർത്തിയിലേക്ക് കുഞ്ഞൻ തനിച്ച് പോയത്. ഇയാളെ കരടി മാന്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ ഉടൻ തന്നെ കോളനി നിവാസികളും മറ്റും ചേർന്ന് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുത്തേടം, കരുളായി, ടി.കെ കോളനി ഭാഗങ്ങളിൽ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടാനകൾ ഉൾപ്പെടെ ഭീതി പരത്തുമ്പോഴാണ് കരടിയുടെ സാന്നിധ്യം കൂടി ഉണ്ടായിരിക്കുന്നത്. പുലിയുടെ ആക്രമണം ഉണ്ടായി എന്നാണ് ആദ്യം പറഞ്ഞു കേട്ടതെങ്കിലും കരടിയാണ് തന്നെ ആക്രമിച്ചതെന്ന് കുഞ്ഞൻ പറഞ്ഞതായി ഒപ്പം എത്തിയവർ അറിയിച്ചു. ചക്കിക്കഴി വനം സ്റ്റേഷനിലെ വനപാലകരും ഗ്രാമപഞ്ചായത്തംഗം ബാലസുബ്രഹ്മണ്യനുമുൾപ്പെടെ കരടിയുടെ ആക്രമണമുണ്ടായ ടി.കെ കോളനിയിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.