നിലമ്പൂർ ഗവ. കോളജിൽ മന്ത്രിയെത്തിയില്ല; നിരാശരായി വിദ്യാർഥികൾ
text_fieldsപൂക്കോട്ടുംപാടം: നിലമ്പൂർ ഗവ. കോളജിൽ എത്താമെന്നേറ്റ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അവസാന നിമിഷം പരിപാടിയിൽനിന്ന് പിൻമാറിയത് വൻ പ്രതിഷേധത്തിനിടയാക്കി. രണ്ടാം തവണയാണ് മന്ത്രിക്ക് വേണ്ടി പരിപാടി മാറ്റി വിദ്യാർഥികൾ കാത്തിരുന്നത്.
എൻ.എസ്.എസ് യൂനിറ്റ് ഒരുക്കിയ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലെ താക്കോൽ ദാന ചടങ്ങിൽ നിന്നാണ് മന്ത്രി പിൻവാങ്ങിയത്. മന്ത്രിയെ പിന്തിരിപ്പിച്ചതിന് പിന്നിൽ പി.വി. അൻവർ എം.എൽ.എയാണെന്ന ആരോപണവും ശക്തമാണ്.
എന്നാൽ, മന്ത്രിക്കെതിരെ കരിങ്കൊടിയും പ്രതിഷേധവും ഉണ്ടാവുമെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
മന്ത്രിയെത്തുന്ന പക്ഷം നാനൂറോളം കുട്ടികൾ പഠനം നടത്തുന്ന കോളജിന്റെ ദുരവസ്ഥ നേരിൽ ബോധ്യപ്പെടുത്താനാവുമെന്നും മന്ത്രിക്ക് ഇതുസംബന്ധിച്ച നിവേദനം നൽകാനും കാത്തിരുന്നെങ്കിലും വിദ്യാർഥികൾക്ക് നിരാശരാകേണ്ടി വന്നു.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന വിദ്യാർഥികൾ കോളജിന്റെ ദുരവസ്ഥക്ക് പരിഹാരം കാ ണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ അനിശ്ചിതകാല സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ വിദ്യാർഥികൾക്ക് മന്ത്രിയെ കണ്ട് നേരിട്ട് ബോധിപ്പിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.
മന്ത്രിയെ വിലക്കിയതിന്റെ കാരണം വ്യക്തമാക്കണം -യു.ഡി.എഫ്
നിലമ്പൂർ ഗവ. കോളജിന്റെ പരിപാടിയിൽനിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ വിലക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്ന് അമരമ്പലം യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. താക്കോൽ ദാന ചടങ്ങിന് രണ്ട് തവണ മന്ത്രി എത്തുമെന്ന് അറിയിച്ചിട്ടും പൂക്കോട്ടുംപാടത്ത് വരാതിരിക്കാനുള്ള കാരണം പി.വി. അൻവർ എം.എൽ.എയും സി.പി.എം നേതൃത്വവും വ്യക്തമാക്കണം. വാർത്തസമ്മേളനത്തിൽ ചെയർമാൻ വി.കെ. അബ്ദു, കൺവീനർ കേമ്പിൽ രവി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പൊട്ടിയിൽ ചെറിയാപ്പു, അമരമ്പലം ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ, അഷറഫ് മുണ്ടശ്ശേരി എന്നിവർ സംബന്ധിച്ചു.
പരിപാടി ഉപേക്ഷിച്ചതിൽ ദുരൂഹത -കെ.എസ്.യു
നിലമ്പൂര്‍ ഗവ. കോളജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് വിദ്യാര്‍ഥികളുമായി സംവദിക്കാനിരിക്കെ പരിപാടി ഉപേക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്നും കോളജിനേയും വിദ്യാര്‍ഥികളെയും കാണാനുള്ള അവസരമാണ് സി.പി.എമ്മും എം.എൽ.എയും അട്ടിമറിച്ചതെന്നും കെ.എസ്.യു നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോളജിനോടുള്ള എം.എല്‍.എയുടെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഷമീര്‍ കാസീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.