സഞ്ചാരികൾക്ക് കുളിരായി പ്രകൃതിയുടെ സ്വന്തം ‘കോളനി’
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്തെ ടി.കെ. കോളനിയും ഒളർവട്ടത്ത് കോട്ടപ്പുഴക്ക് കുറുകെ മൈനർ ഇറിഗേഷൻ വകുപ്പ് നിർമിച്ച കരിങ്കൽ തടയണയും എന്നും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ടി.കെ. കോളനിയിലൂടെ ഒഴുകിയെത്തുന്ന കോട്ടപ്പുഴയും, ഒളർവട്ടത്തെ തടയണയുമാണ് പ്രധാന ആകർഷണീയ കേന്ദ്രങ്ങൾ. കോട്ടപ്പുഴ ഉത്ഭവിക്കുന്നത് സൈലന്റ് വാലി ബഫർസോൺ മേഖലയിലുള്ള കോഴിപ്ര മലവാരത്തിൽ നിന്നാണ്. പുഴയിലെ ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ നുരഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളാണ് മനോഹരമായ ഒരു കാഴ്ച. വേനൽക്കാലത്ത് ചൂടിൽനിന്ന് ആശ്വാസം ലഭിക്കാനായി വിസ്തരിച്ചുള്ള കുളിക്കായാണ് ഭൂരിഭാഗം വിനോദസഞ്ചരികളും ഇവിടെ എത്താറുള്ളത്. ചക്കിക്കുഴി, കാളികാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളുമായി ചേർന്ന് കിടക്കുന്ന പ്രദേശം വേനൽ കാലങ്ങളിൽ പച്ചപ്പ് നഷ്ടപ്പെട്ട നിലയിലാവുമെങ്കിലും മഴയെത്തിയാൽ വനമേഖലകളിൽ പച്ചപ്പ് വർധിക്കുന്നതോടെ കാനനഭംഗി ആസ്വദിക്കാൻ എത്തുന്നവരും ഏറെയാണ്. ഈ സമയമാണ് മിന്നാമിനുങ്ങുകളുടെ പ്രജനന കാലം. അതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ മലഞ്ചെരുവുകളിൽ ആയിര കണക്കിന്ന് മിന്നാമിന്നികൾ ഒരുമിച്ച് പ്രകാശിക്കുന്നത് അപൂർവ കാഴ്ചയാണ്. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള പ്രതിഭാസം വളരെ കുറവാണ് എന്നാണ് പറയപ്പെടുന്നത്. ഈ കാഴ്ച കാണാൻ ധാരാളം ആളുകളെത്താറുണ്ട്. വിവിധ ഔഷധ സസ്യങ്ങളുടെയും മരങ്ങളുടെയും കലവറയാണ് കോയിപ്ര മലവാരം.
കോട്ടപ്പുഴക്ക് കുറുകെ ടി.കെ. കോളനിയിലെ ഒളർവട്ടത്ത് കാർഷികാവശ്യങ്ങൾക്ക് നിർമിച്ച ഇറിഗഷൻ കനാലിലെ വെള്ളത്തിലൂടെ സഞ്ചാരികൾ ഒഴുകുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇവിടെയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്.
ഇതാ വഴി; സുരക്ഷയും പ്രധാനം
പൂക്കോട്ടുംപാടം അങ്ങാടിയിൽനിന്ന് റോഡ് മാർഗം 12 കിലോമീറ്റർ യാത്ര ചെയ്താൽ ടി.കെ കോളനിയിലെത്താം. ഷൊർണൂരിൽ നിന്നും ട്രെയിൻ മാർഗവും എത്തിച്ചേരാം. താമസിക്കാനായി സ്വകാര്യ റിസോട്ടുകൾ മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതി ഭംഗിക്കൊപ്പം പതുങ്ങിയിരിക്കുന്ന അപകടകെണികളും ഇവിടെയുണ്ട്. വനമേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ പുഴയിൽ അപ്രതീക്ഷിതമായ മലവെള്ള പാച്ചിലിന് സാധ്യതയുണ്ട്. കൂടാതെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങൾക്കും ഇരുപ്രദേശത്തും സാധ്യത കൂടുതലാണ്. അതിനാൽ സഞ്ചാരികൾ സുരക്ഷ നിർദ്ദേശം പാലിക്കുന്നത് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.