നിലമ്പൂര്‍ ഗവ. കോളജ് നിലമ്പൂരിലേക്ക്
text_fieldsപൂക്കോട്ടുംപാടം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടുന്ന നിലമ്പൂര്‍ ഗവ. കോളജ് പൂക്കോട്ടുംപാടത്തുനിന്ന് നിലമ്പൂരിലേക്ക് മാറ്റാനൊരുങ്ങി അധികൃതര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ നിലമ്പൂര്‍ കോടതിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലാവും കോളജ് പ്രവര്‍ത്തിക്കുക. 2016ലാണ് അന്നത്തെ സര്‍ക്കാര്‍ നിലമ്പൂരിന് ഗവ. കോളജ് അനുവദിച്ചത്. സര്‍ക്കാര്‍ അനുവദിച്ച കോളജ് നിലമ്പൂരില്‍തന്നെ വേണമെന്നും അതല്ല പൂക്കോട്ടുംപാടത്ത് വേണമെന്നും തർക്കം നിലനിന്നിരുന്നു. എന്നാൽ, ഒടുവില്‍ 2018ല്‍ പൂക്കോട്ടുംപാടത്ത് കോളജ് ആരംഭിക്കാന്‍ തീരുമാനത്തിലെത്തുകയായിരുന്നു.
പൂക്കോട്ടുംപാടം പട്ടണ മധ്യത്തിലെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് വര്‍ഷത്തോളം കോളജ് ഇതേ സ്ഥലത്ത് തുടരുകയായിരുന്നു. കോഴ്സുകളും കുട്ടികളും വർധിച്ചതോടെ കോളജിന് ആവശ്യമായ സ്ഥലം പോരാതെവന്നു. കോളജ് പരിപാലന സമിതിയും എം.എൽ.എയും കോളജിനുള്ള സ്ഥലം കണ്ടെത്തിയെന്നല്ലാതെ അത് ഏറ്റടുക്കല്‍ നടപടികളൊന്നും കാര്യമായി പുരോഗമിച്ചിട്ടില്ല. മാത്രമല്ല, സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കോളജിന്റെ പ്രവര്‍ത്തനം തുടരുകയാണുണ്ടായത്. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കി. വകുപ്പ് മന്ത്രിയെയും അധികൃതരെയും പലതവണ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
350ലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ വിദ്യാർഥികൾക്ക് പ്രാഥമിക സൗകര്യങ്ങള്‍പോലുമില്ലാതെ വീർപ്പുമുട്ടിയാണ് കഴിഞ്ഞിരുന്നത്. സ്ഥലപരിമിതികള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് കോളജിന്റെ പ്രവര്‍ത്തനം ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കോളജ് അധികൃതർ അറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരിലുള്ള സ്വകാര്യ കെട്ടിട ത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതമായത്.
അഞ്ചാംമൈലില്‍ കോളജിനായി കണ്ടെത്തിയ സ്ഥലം ഏറ്റെടുത്ത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് അമരമ്പലം പഞ്ചായത്തില്‍തന്നെ കോളജ് നിലനിര്‍ത്താനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.