നിലമ്പൂർ ഗവ. കോളജ്: വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം തുടരുന്നു
text_fieldsപൂക്കോട്ടുംപാടം: നിലമ്പൂർ ഗവ. കോളജിൽ അടിസ്ഥാന സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിവരുന്ന പഠിപ്പ് മുടക്ക് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചാണ് കോളജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇതോടെ കോളജിന്റെ പ്രവർത്തനം പാടെ നിലച്ചു.
പുതിയ അധ്യയവർഷം ആരംഭിക്കുകയും പുതിയ ബാച്ചുകൾ കൂടി വരുന്നതോടെ നിലവിലെ അവസ്ഥ കൂടുതൽ പ്രയാസത്തിലാവുമെന്ന് വിദ്യാർഥികൾ ആശങ്കപ്പെടുന്നു. നിലമ്പൂരിൽനിന്ന് അമരമ്പലത്തേക്ക് കോളജ് കൊണ്ടുവരാൻ തിടുക്കം കൂട്ടിയ എം.എൽ.എയും സ്ഥലം കണ്ടെത്തി നൽകാമെന്നേറ്റ വ്യാപാരി, പ്രവാസി സംഘടനകളും ഇപ്പോൾ കോളജിന്റെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നുപോലുമില്ല.
കോളജ് ഇപ്പോൾ കാളികാവ് റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പീടികമുറികളിലാണ് പ്രവർത്തിക്കുന്നത്. സെമസ്റ്റർ പരീക്ഷ വരാനിരിക്കെ പാഠഭാഗങ്ങൾ എടുത്തുതീർക്കേണ്ട സമയത്താണ് വിദ്യാർഥികൾ സമരത്തിനിറങ്ങുന്നത്.
പൂക്കോട്ടുംപാടത്തെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കോളജിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ പോലുമായിട്ടില്ല. ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ സർക്കാർ തലത്തിൽ ശക്തമായ സമ്മർദം ചെലുത്താനോ താൽക്കാലിക കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനോ കോളജ് ബഹുജന കർമസമിതിക്കോ എം.എൽ.എൽക്കോ സാധിച്ചിട്ടില്ല. സ്ഥലപരിമിതി കാരണം കോളജിന് വിവിധ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്ന പരാതിയും വിദ്യാർഥികൾക്കുണ്ട്.
തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്താനാണ് വിദ്യാർഥികളുടെ തീരുമാനം. സമരത്തിന് വിദ്യാർഥികളായ കൈനോട്ട് ആഖിഫ്, എം.കെ. ഫിദ, കെ. പ്രീതിക, കെ. സിനാൻ, ജുമാന, അനുനന്ദന, കെ.പി. ഐശ്വര്യ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.