പാർഥസാരഥിയുടെ രാജി; അമരമ്പലത്ത് സി.പി.ഐക്ക് തിരിച്ചടിയാവും
text_fieldsപൂക്കോട്ടുംപാടം: സി.പി.ഐ നിലമ്പൂർ മുൻ ഏരിയ സെക്രട്ടറി ആർ. പാർഥസാരഥിയുടെ രാജി അമരമ്പലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കും. 65 ഒൗദ്യോഗിക അംഗങ്ങളുള്ള അമരമ്പലം സി.പി.ഐ ലോക്കൽ കമ്മിറ്റിയിൽ 35 അംഗങ്ങളും പാർഥസാരഥിക്കൊപ്പമാണ്.
അമരമ്പലം സി.പി.ഐ അസി. സെക്രട്ടറി ആർ. ശ്രീരംഗനാഥൻ, ടൗൺ ബ്രാഞ്ച് സെക്രട്ടറി പി.വി. വേണുഗോപാലൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ചക്കനാത്ത് ഗോപാലൻ, രാജീവ് പെരുമ്പ്രാൽ, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി.വി. രാമചന്ദ്രൻ, എ.വൈ.എഫ്.ഐ സെക്രട്ടറി കുന്നുമ്മൽ സുരേഷ്, എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി സുരേഷ് തുടങ്ങിയവരും ഇതിൽപെടും.
33 വർഷം സി.പി.ഐ പ്രവർത്തകനായി തുടർന്ന പാർഥസാരഥി ദീർഘകാലം അമരമ്പലം ലോക്കൽ സെക്രട്ടറിയും രണ്ടു തവണ നിലമ്പൂർ ഏരിയ സെക്രട്ടറിയും മൂന്നു തവണ ജില്ല കമ്മിറ്റി അംഗവുമായിരുന്നു. എന്നാൽ, പാർട്ടിക്കകത്തെ ഉൾപോരുകൾ കാരണം ജാഗ്രതക്കുറവിെൻറ പേരിൽ ജില്ല കമ്മിറ്റിയിൽനിന്നും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും അച്ചടക്കനടപടിയുടെ ഭാഗമായി പാർഥസാരഥിയെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, ആദിവാസി അടിസ്ഥാന വികസന ഫണ്ടിൽ അഴിമതി ആരോപണ വിധേയനായ ജില്ല കമ്മിറ്റി അംഗം പി.എം. ബഷീറിനെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം പാർഥസാരഥി പാർട്ടിയിൽനിന്ന് രാജിവെച്ചത്.
ഇതോടെ പാർഥസാരഥി അനുകൂലികളായ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കൊപ്പം അമ്പതോളം കുടുംബങ്ങളിലെ ഭൂരിഭാഗം പേരും പാർട്ടി വിടുമെന്നാണറിയുന്നത്. അമരമ്പലത്തെ എൽ.ഡി.എഫുമായി സ്വരച്ചേർച്ചയില്ലാതെ തുടരുന്ന സി.പി.ഐക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പിളർപ്പും വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.