വൈദ്യുതി മുടങ്ങി; 80ലധികം കോഴികൾ ചത്തു
text_fieldsപൂക്കോട്ടുംപാടം: കടുത്ത ചൂടിനൊപ്പം കെ.എസ്.ഇ.ബിയുടെ ലൈൻ ടച്ചിങ് ജോലികൾ കൂടി വന്നതോടെ വെട്ടിലായത് അമരമ്പലത്തെ കോഴി കർഷകർ. കഴിഞ്ഞദിവസം മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയതോടെ ചത്തൊടുങ്ങിയത് നിരവധി കോഴികൾ. വേനൽ കടുത്തതോടെ കനത്ത ചൂട് കോഴി കർഷകർക്ക് തിരിച്ചടിയായിരുക്കുമ്പോഴാണ് മറ്റൊരു കെണിയുമായി കെ.എസ്.ഇ.ബിയുടെ വൈദ്യുതി മുടക്കം. വൈദ്യുതി കമ്പികൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ലൈൻ ടച്ചിങ് പ്രവൃത്തികൾക്കുവേണ്ടി വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെടുത്തുന്നതാണ് കോഴി ഫാമിലെ കോഴികൾ കൂട്ടത്തോടെ ചാവാൻ ഇടയാക്കുന്നത്.
കഴിഞ്ഞ ദിവസം ടി.കെ കോളനിയിലെ ആന്റണിക്കാട് കോഴി ഫാം നടത്തുന്ന കുളത്തിങ്ങൽ ബെന്നി തോമസിന്റെ 80ഓളം കോഴികളാണ് ചത്തുപോയത്. രണ്ട് കിലോയോളം തൂക്കമെത്തിയ വിൽപനക്കെത്തിയ കോഴികളാണ് ചത്തത്. ഫാനുകളും ഫോഗിങ് ഉപകരണങ്ങളും സ്ഥാപിച്ചാണ് കർഷകർ ഫാമിലെ ചൂടിനെ ക്രമീകരിക്കുന്നത്. വൈദ്യുതി മുടങ്ങുന്നതോടെ ഫാമിൽ ചൂട് വർധിക്കുകയും ഇതോടെ കോഴികൾ ചത്ത് പോവുകയുമാണുണ്ടായതെന്ന് ബെന്നി തോമസ് പറഞ്ഞു. പല ദിവസങ്ങളിലായി അമരമ്പലം പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയതോടെ മറ്റു ഫാമുകളിലും ഇത്തരത്തിൽ കോഴികൾ ചത്തതായി കർഷകർ പറയുന്നു.
വേനൽ കാലത്ത് ലൈൻ ടച്ചിങ് നടത്തുമ്പോൾ ഉച്ചയോടെ പ്രവൃത്തി പൂർത്തീകരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയോ ഇടവേളകളിൽ പ്രവൃത്തി നിർത്തിവെച്ച് വൈദ്യുതി വിതരണം നടത്താനുള്ള സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്. കോഴിത്തീറ്റയുടെ വിലവർധന മൂലം പ്രതിസന്ധിലായ കോഴി കർഷകർക്ക് ചൂട് വർധിച്ച് കോഴികൾ ചത്ത് പോകുന്നത് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്.
The power went out; More than 80 chickens died
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.