ഗർഭിണിയായ കാട്ടിയെ കൊന്നുതിന്ന കേസിൽ ആറുപേർ അറസ്റ്റിൽ
text_fieldsപൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് വനമേഖലയിൽ കാട്ടിയെ (ഇന്ത്യൻ ഗോർ) വേട്ടയാടിയ കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. പുഞ്ച നറുക്കിൽ സുരേഷ് ബാബുവിനെയാണ് കാളികാവ് റേഞ്ച് ഓഫിസർ പി. സുരേഷ് ആദ്യം പിടികൂടിയത്.
തുടർന്ന് ഒന്നാം പ്രതി പുല്ലാര നാണിപ്പ എന്ന അബു, പാറത്തൊടിക ബുസ്താൻ, തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ തിങ്കളാഴ്ച രാത്രി എട്ടരയോടെ ഫോറസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ ചക്കിക്കുഴി സ്റ്റേഷൻ പരിധിയിലെ പുഞ്ചവനത്തിലായിരുന്നു സംഭവം. ആഗസ്റ്റ് പത്തിന് വൈകീട്ടാണ് ഡി.എഫ്.ഒ വി. സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാണിപ്പയുടെ വീട്ടിൽ നിന്ന് 25 കിലോഗ്രാം മാംസം വനപാലകർ കണ്ടെടുത്തത്.
പുഞ്ചയിലെ സ്വകാര്യ എസ്‌റ്റേറ്റിന് മുകളിൽ പൂപ്പാതിരിപ്പാറക്ക് സമീപമാണ് വേട്ട നടത്തിയത്. നാണിപ്പയുടെ തോക്കുപയോഗിച്ചാണ് വെടിെവച്ചതെന്ന് പറയുന്നു.
മാംസം പങ്ക് വെക്കാൻ കാട്ടിയുടെ വയർ കീറിയപ്പോഴാണ് പൂർണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും വെട്ടിമുറിച്ച് മാംസം പങ്കിട്ടു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോൾ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു.
വെറ്ററിനറി സർജൻ ഡോ. കെ.എൻ. നൗഷാദലി ഇവ പരിശോധിച്ചു. ആയുധങ്ങളും തോക്കും കസ്റ്റഡിയിലെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. സക്കീർ ഹുസൈൻ, എസ്.എഫ്.ഒമാരായ എൻ. വിനോദ് കൃഷ്ണൻ, എസ്. അമീൻ ഹസൻ, ബീറ്റ് ഓഫിസർമാരായ എസ്.എസ്. സജു, കെ.പി. അജിത്ത്, എ.എൽ. അഭിലാഷ്, എം. മണികണ്ഠൻ, കെ.പി. ദിനേഷ്, എം.എം. അയ്യൂബ്, എസ്. സുനിൽ കുമാർ, എ.കെ. സനൂപ്, ടി.എസ്. ജോളി, വാച്ചർമാരായ എം.സി. അജയൻ, പി. ഗിരീശൻ, കെ. യൂനുസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.