യുവാക്കളെ ആക്രമിച്ച് പണം കവർന്ന പ്രതികൾ പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് കത്തി ചൂണ്ടി ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടി. പൂക്കോട്ടുംപാടം തട്ടിയേക്കൽ പരിയറ്റ് മുഹമ്മദ് ഷാഫി (24), എറണാകുളം മരട് സ്വദേശി തുരുത്തി ടെമ്പിൾ റോഡ് കല്ലറക്കൽ ജിഫ്രിൻ പീറ്റർ (27) എന്നിവരെയാണ് പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എറണാകുളത്ത് അറസ്റ്റ് ചെയ്തത്. ഈ മാസം 21ന് ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് പൂക്കോട്ടുംപാടം തോട്ടേക്കാട്ട് പ്രതികളുടെ ആക്രമണത്തിൽ കരുളായി കിണറ്റിങ്ങലിലെ മലപ്പുറവൻ റഷീദ്, മൂത്തേടം പാലാങ്കരയിലെ തെക്കേമുറി സജി എന്നിവർക്ക് പരിക്കേറ്റത്.
റഷീദും സജിയും തിരുവമ്പാടിയിൽനിന്ന് കേറ്ററിങ് ജോലി കഴിഞ്ഞ് വരവെ നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിൽ വരുകയായിരുന്ന പ്രതികളെ മറികടന്നെന്നാരോപിച്ചാണ് വാഹനം അടിച്ചുതകർക്കുകയും റഷീദിനെ ക്രൂരമായി മർദിക്കുകയും ചെയ്തത്. ഇത് ചോദ്യംചെയ്ത സജിയുടെ കാലിൽ കുത്തിപ്പരിക്കേൽപിച്ചു.
തുടർന്ന് സജിയുടെ 5000ത്തോളം രൂപയും കവർന്നാണ് സംഘം രക്ഷപ്പെട്ടത്. പ്രതി മുഹമ്മദ് ഷാഫി പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളാണ്.
പ്രതി ജിഫ്രിൻ പീറ്ററിനെ കാപ്പ നിയമപ്രകാരം എറണാകുളത്തുനിന്ന് നാട് കടത്തിയതാണ്. സബ് ഇൻസ്പെക്ടർമാരായ സക്കീർ അഹമ്മദ്, ജയകൃഷ്ണൻ, എ.എസ്.ഐ ജാഫർ, സി.പി.ഒമാരായ സജീഷ്, ലിജീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.