അധ്യാപക ദിനം; വിദ്യാർഥി ഗൃഹസന്ദർശനം; കാൽനൂറ്റാണ്ട് തികച്ച് ഗിരീഷ്
text_fieldsപൂക്കോട്ടുംപാടം: വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാനും അതുവഴി അധ്യാപനം കൂടുതൽ അർഥവത്താക്കാനുമുള്ള ഗൃഹസന്ദർശനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് ഗിരീഷ് മാരേങ്ങലത്ത് എന്ന അധ്യാപകൻ. പരിക്കുപറ്റിയ കുട്ടിയെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാനോ കല്യാണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാനോ മാത്രമാണ് കുട്ടികളുടെ വീടുതേടി അധ്യാപകർ പോകാറുള്ളത്. എന്നാൽ കഴിഞ്ഞ 25 വർഷമായി വിദ്യാർഥികളുടെ വീട്ടിൽ മുടങ്ങാതെ സൗഹൃദ സന്ദർശനം നടത്തുകയാണ് ഗിരീഷ്.
1999ലാണ് സ്കൗട്ട് പ്രവർത്തനങ്ങളുടെ ഭാഗമായി ഗിരീഷ് ആദ്യമായി ഗൃഹസന്ദർശനം നടത്തുന്നത്. വിദ്യാർഥികളിൽ മികച്ച ശീലങ്ങൾ വളർത്തിയെടുക്കാൻ സ്കൗട്ട് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടപ്പാക്കിയ ‘എന്റെ വീട് എത്ര സുന്ദരം, എത്ര മനോഹരം’ പദ്ധതി പാറൽ മമ്പാട്ടുമൂലയിലെ സ്കൗട്ട് അധ്യാപകനായിരുന്ന ഗിരീഷിന്റെ അധ്യാപന ജീവിതത്തിലേക്ക് പുതുവെളിച്ചം വീശുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളം നീണ്ട അധ്യാപന അനുഭവങ്ങൾ അടിസ്ഥാനമാക്കി ഡി. എൽ.എഡ്, ബി.എഡ് വിദ്യാർഥികൾക്ക് ടീച്ചർ എംപവർമെന്റ് പ്രോഗ്രാം എന്ന പരിശീലന പരിപാടി നടത്തുമ്പോൾ ഈ ഗൃഹസന്ദർശന അനുഭവങ്ങൾ വലിയ ഗുണം ചെയ്യാറുണ്ടെന്ന് ഗിരീഷ് കൂട്ടിച്ചേർത്തു.
കാളികാവ്, പുല്ലങ്കോട്, എളങ്കൂർ, മാളിയേക്കൽ, നിലമ്പൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലെ യു.പി സ്കൂളുകളിൽ ജോലി ചെയ്തിട്ടുള്ള ഗിരീഷ് നിലവിൽ പൂക്കോട്ടുംപാടം പറമ്പ ഗവ. യു.പി സ്കൂളിലെ അധ്യാപകനാണ്. കേരള പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ പ്രഥമ മാതൃകാധ്യാപക പുരസ്കാരം, കേരള സർക്കാറിന്റെ സംസ്ഥാന അധ്യാപക അവാർഡ്, എയർ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോട്ടോഗ്രാഫി പ്രദർശനങ്ങളിലൂടെ ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഗിരീഷ് നല്ലൊരു എഴുത്തുകാരനും കൂടിയാണ്. രണ്ടു പേർക്കും ലീവില്ല, ഹോ..!, ഗുർഗാബി എന്നിവയാണ് കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.