ഈ ബദൽ സ്കൂളിന് വേണം, നല്ലൊരു കെട്ടിടം
text_fieldsമരം വീണ് ഭാഗികമായി തകർന്ന പാട്ടക്കരിമ്പ് ബദൽ സ്കൂൾ
പൂക്കോട്ടുംപാടം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ ബദൽ സ്കൂൾ കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ നടപടിയില്ല. വനം വകുപ്പിന്റെ അധീനതയിലെ കെട്ടിടത്തിലാണ് പാട്ടക്കരിമ്പ് ബദൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ, മാസങ്ങൾക്കുമുമ്പ് കെട്ടിടത്തിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് മേൽക്കൂരയും തൂണുകളും ഭാഗികമായി തകർന്നിരുന്നു.
കഴിഞ്ഞ അധ്യയനവർഷം സ്കൂളുകൾ തുറന്നെങ്കിലും ബദൽ സ്കൂളിൽ പഠനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. താൽക്കാലികമായി വനം വകുപ്പിന്റെതന്നെ മറ്റൊരു കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ഇവിടെ ചുവരുകളില്ലാത്തതിനാൽ മഴ പെയ്താൽ പഠനം ദുസ്സഹമാകുന്ന അവസ്ഥയിലാണ്. വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനും സ്ഥലമില്ലാത്ത പ്രയാസവുമുണ്ട്. സ്കൂൾ കെട്ടിടം തകർന്നതോടെ പഠനം ആശങ്കയിലായ രക്ഷിതാക്കൾ കുട്ടികളെ മറ്റുസ്കൂളുകളിലേക്ക് മാറ്റേണ്ട ഗതികേടിലാണ്. എന്നാൽ, മറ്റുസ്കൂളുകൾ വളരെ ദൂരെയായതിനാൽ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നത് ചെലവ് വർധിപ്പിക്കും. ഇതുകാരണം എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷിതാക്കൾ.
സ്കൂളിന് മാത്രമായി പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. അല്ലെങ്കിൽ നിലവിലെ സ്കൂളിന്റെ തകരാറുകൾ പരിഹരിച്ച് വിദ്യാർഥികൾക്ക് പഠനം നടത്താൻ സൗകര്യം ഒരുക്കണമെന്നും കോളനിക്കാർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.