വീണ്ടും വരണം, തേൾപ്പാറ-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്
text_fieldsപൂക്കോട്ടുംപാടം: തേൾപ്പറ-കോഴിക്കോട് മെഡിക്കൽ കോളജ് കെ.എസ്.ആർ.ടി ബസ് സർവിസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം. രാവിലെ 5.45ന് തേൾപ്പാറയിൽനിന്ന് പുറപ്പെടുന്ന ബസ് രാവിലെ എട്ടിന് മെഡിക്കൽ കോളജിൽ എത്തുമായിരുന്നു. ഇത് രോഗികൾക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുശേഷം 3.45ന് തിരിച്ചുപോരാനും സൗകര്യമായിരുന്നു. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയതോടെ യാത്രക്കാർ ഏറെ ദുരിതത്തിലാണ്. മലയോര മേഖലയിൽ താമസിക്കുന്ന ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് ഈ ബസ് ആശ്രയമായിരുന്നു. മേഖലയിൽ പൊതുവേ വാഹനസൗകര്യം കുറവാണ്. ഇപ്പോൾ രോഗികൾക്കും കൂടെയുള്ളവർക്കും ടി.കെ കോളനി, തേൾപ്പാറ, പാട്ടക്കരിമ്പ്, കവളമുക്കട്ട, ചുള്ളിയോട്, കരുളായി എന്നിവിടങ്ങളിൽനിന്ന് നിലമ്പൂരിലേക്കും അവിടെനിന്ന് മെഡിക്കൽ കോളജിലേക്കും വളഞ്ഞ വഴിയിലൂടെ മാറി മാറി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഒരു ബസ് നേരിട്ട് ഉണ്ടായിരുന്നെങ്കിൽ സ്ത്രീകൾക്കും രോഗികൾക്കും വലിയ ഉപകാരമാകും. അരീക്കോട്, കോഴിക്കോട് ഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇത് സൗകര്യപ്രദമായിരുന്നു.
കെ.എസ്.ആർ. ടി.സി ബസ് റൂട്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകാൻ കവളമുക്കട്ട റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികൾ ഒപ്പ് ശേഖരണം നടത്തി. സി. ശ്രീനിവാസൻ, കെ.കെ. അബ്ദുൽഖാദർ, ടി. ദിന്യു തിലകൻ, എം. വിനീത്, കെ. രാജൻ, കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.