പൂക്കോട്ടുംപാടം ഹൈസ്കൂൾ റോഡിലെ ഗതാഗത നിയന്ത്രണം; പ്രതിഷേധമുയരുന്നു
text_fieldsപൂക്കോട്ടുംപാടം: വിദ്യാർഥികൾക്ക് സുരക്ഷിത യാത്രയൊരുക്കാനായി പൂക്കോട്ടുംപാടം ഹൈസ്കൂൾ റോഡിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിനെതിരെ പ്രതിഷേധമുയരുന്നു. സ്കൂൾ വിടുന്ന സമയത്ത് പി.ടി.എ പൊലീസിന്റെ സഹായത്തോടെ സ്കൂൾ റോഡ് വഴിയുള്ള ഗതാഗതം അര മണിക്കൂറോളം പൂർണമായി തടയുകയാണ്. ടി.കെ. കോളനി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും തടഞ്ഞതോടെ അശാസ്ത്രീയ പരിഷ്കാത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. വിദ്യാർഥികളും വീട്ടിലെത്താൻ വൈകുന്നതിനാൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പരാതിയുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചു.
2500ഓളം വിദ്യാർഥികൾ പഠനം നടത്തുന്ന പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൂട്ടമായി റോഡിലിറങ്ങി യാത്ര ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതാണ്. നിലവിൽ ആൺകുട്ടികളെയും പെൺകുട്ടികളേയും വേർതിരിച്ചാണ് വിടുന്നതെങ്കിലും വിദ്യാർഥികൾ കൂട്ടമായി റോഡ് കൈയടക്കി പോകുന്ന സ്ഥിതിയാണ്. ഗതാഗത ഉപദേശക സമിതി യോഗം ചേരാതെയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെയും വേണ്ട വിധത്തിൽ പഠനം നടത്താതെയുമാണ് ഗതാഗത നിയന്ത്രണം നടപ്പാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
വിദ്യാർഥികൾ റോഡിൽ കൂട്ടമായി ഇറങ്ങുന്നത് തടയുകയും വിദ്യാർഥികളെ പൊലീസ് ബോധവത്കരിക്കുകയും ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. വിദ്യാർഥികളെ കൂട്ടമായി വിടുന്നത് ഒഴിവാക്കി ക്ലാസ് അടിസ്ഥാനത്തിൽ വിടുന്ന രീതി തുടരണമെന്നും സ്കൂൾ വിടുന്ന സമയങ്ങളിൽ അധ്യാപകരുടേയും പി.ടി.എയുടേയും സേവനം സ്കൂൾ പരിസരങ്ങളിലും റോഡിലും ഒരുക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
തിങ്കളാഴ്ച സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും അധ്യാപകരും ചേർന്നാണ് ഗതാഗതം തടഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. സ്കൂൾ സമയത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾക്കെതിരെ പരാതി ഉയരുന്നുണ്ട്. അടുത്ത ദിവസം തന്നെ പൊലീസും ആർ.ടി.ഒയും പി.ടി.എയും പഞ്ചായത്ത് അധികൃതരും ചേർന്ന് ഉപദേശക സമിതി യോഗം ചേരുമെന്നും വിദ്യാർഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയും ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ മാനിച്ച് സ്കൂൾ പി.ടി.എയുടെ നിർദേശമനുസരിച്ച് കേരള പൊലീസ് ആക്ട് പ്രകാരമാണ് നിയന്ത്രണം കൊണ്ടുവന്നതെന്ന് പൂക്കോട്ടുംപാടം പൊലീസ് സബ് ഇൻസ്പെക്ടർ കെ. ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.