സൗഹൃദ കൂട്ടായ്മകള്‍ സജീവമാക്കി പള്ളിമുക്കിന്റെ സ്വന്തം ജനകീയോദ്യാനം
text_fieldsപൂക്കോട്ടൂര്‍: ഗൃഹാതുരത്വമുണര്‍ത്തുന്ന ഗ്രാമഭംഗിയും ശുദ്ധവായുവും ആസ്വദിച്ച് നഷ്ടമായ സായന്തന സൗഹൃദ കൂട്ടായ്മകള്‍ വീണ്ടെടുക്കണമെങ്കില്‍ പൂക്കോട്ടൂര്‍ പള്ളിമുക്കിലെ ജനകീയോദ്യാനത്തിലേക്ക് വരാം. പൂക്കോട്ടൂര്‍ - മഞ്ചേരി റോഡില്‍നിന്ന് പള്ളിമുക്ക് പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ഗ്രാമീണ പാതയോരത്താണ് വിനോദ പദ്ധതികള്‍ക്ക് പുതുമാതൃക തീര്‍ത്ത് നാട്ടുകാരുടെ സ്വന്തം ഉദ്യാനമുള്ളത്.
വല്ലപ്പോഴും മാത്രം വാഹനങ്ങള്‍ പോകുന്ന പാതവക്കില്‍ തീര്‍ത്തും ഗ്രാമാന്തരീക്ഷത്തിലുള്ള ഉദ്യാനത്തിന്റെ മുഖ്യആകര്‍ഷണം ഇരു വശങ്ങളിലുമായി നീണ്ടുകിടക്കുന്ന വയലാണ്. കൊയ്ത്തൊഴിഞ്ഞ വയലുകള്‍ക്ക് മുകളില്‍ നിറയുന്ന പൂത്തുമ്പികളുടെ വർണക്കാഴ്ചകളും ഇളം കാറ്റും ആസ്വദിച്ച് മൊബൈല്‍ ഫോണുകള്‍ക്കും മറ്റു തിരക്കുകള്‍ക്കും അല്പം അവധി നല്കി വെറുതെ സല്ലപിച്ചിരിക്കാന്‍ നിരവധി സൗഹൃദക്കൂട്ടങ്ങളാണ് ഇവിടെയെത്തുന്നത്.
പാതയോരത്ത് വിശ്രമിക്കാനും കൂട്ടുകൂടി സംസാരിക്കാനുമൊക്കെയായി 10 ഇരിപ്പിടങ്ങള്‍. സായന്തനങ്ങള്‍ക്ക് നിറം പകരാന്‍ നാല് സോളാര്‍ വിളക്കുകള്‍. അങ്ങിങ്ങായി കാഴ്ച ഭംഗിയൊരുക്കി വര്‍ണച്ചെടികള്‍. ഇത്രമാത്രം സൗകര്യങ്ങളുള്ള ഉദ്യാനത്തെ ജനകീയമാക്കുന്നത് ആകര്‍ഷകമായ ഗ്രാമീണ പശ്ചാത്തലവും നന്മ നിറഞ്ഞ നാട്ടുകാരുമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെയൊന്നും സഹായമില്ലാതെയാണ് പള്ളിമുക്കിലെ ജനകീയ കൂട്ടായ്മ നാടിന്റെ സ്വന്തം ഉദ്യാനം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. കോവിഡ് കാലത്ത് എല്ലാവരും വീടുകളില്‍ ഒതുങ്ങിയപ്പോഴായിരുന്നു വ്യത്യസ്തമായ നാട്ടുദ്യാനത്തിന് അരങ്ങൊരുങ്ങിയത്. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന മുഹമ്മദ് റബീര്‍ പദ്ധതിയുടെ സാധ്യത നാട്ടുകാരായ സുഹൃത്തുക്കളോട് സംസാരിച്ചതില്‍നിന്ന് രൂപപ്പെട്ട ആശയം ഗ്രാമത്തിന്റെ ജനകീയോദ്യാനമായി മാറുകയായിരുന്നു.
പ്രവാസികളും നാട്ടുകാരും വിവിധ കൂട്ടായ്മകളുമെല്ലാം കൈകോര്‍ത്ത് സമാഹരിച്ച രണ്ട് ലക്ഷം രൂപ ചെലവിലായിരുന്നു നിർമാണം. ലോക്ക്ഡൗണ്‍ തീര്‍ന്നതോടെ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇവിടെ പ്രഭാത സവാരിക്കെത്തുന്നവരും കുറവല്ല. ഈ മാതൃക വിനോദ പദ്ധതിയുടെ പ്രവര്‍ത്തനം അറിയാനും പഠിക്കാനുമായെത്തുന്ന ജനപ്രതിനിധികളും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.