പൂക്കോട്ടൂര്‍ യുദ്ധത്തിന് 103 വയസ്സ്; പഠനത്തിനും ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കാനും സംവിധാനമില്ല
text_fieldsപൂക്കോട്ടൂര്‍: സ്വാതന്ത്ര്യസമര വേളയില്‍ ബ്രിട്ടീഷുകാര്‍ പോലും ഏക യുദ്ധമെന്ന് വിശേഷിപ്പിച്ച പൂക്കോട്ടൂര്‍ സായുധ പോരാട്ടം നടന്നിട്ട് തിങ്കളാഴ്ച 103 വര്‍ഷം പിന്നിടുന്നു. അധിനിവേശത്തിനെതിരെ ദേശാവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം പുതുതലമുറക്ക് പകരാൻ കാര്യക്ഷമമായ ഇടപെടലുകള്‍ ഇന്നുമില്ല.
1921 ആഗസ്റ്റ് 26നാണ് പൂക്കോട്ടൂരിലെ സാധാരണക്കാര്‍ നടത്തിയ സായുധ വിപ്ലവം. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്ത് പിലാക്കലില്‍ ചിതറിക്കിടക്കുന്ന പോരാളികളുടെ ഖബര്‍സ്ഥാനുകളും അറവങ്കരയിലെ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലുള്ള യുദ്ധസ്മാരക കവാടവും മാത്രമാണ് സ്മരണനിലനിർത്താനുള്ളത്. വിദേശികളടക്കമുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന പഠനകേന്ദ്രം പോലും അന്യമാണ്. അധിനിവേശ ശക്തികള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ അലി സഹോദരന്മാര് ഉയര്‍ത്തിയ ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ആലി മുസ്ലിയാരും മലപ്പുറം കുഞ്ഞിതങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും ഏറ്റുപിടിച്ചതോടെ 1921 കാലഘട്ടത്തില്‍ പൂക്കോട്ടൂരിലും പ്രക്ഷോഭം ശക്തമാകുകയായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടില്‍ മുഹമ്മദായിരുന്നു നേതൃത്വം നല്‍കിയത്. നിലമ്പൂര്‍ കോവിലകത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്നാരോപിച്ച് വടക്കുവീട്ടില്‍ മുഹമ്മദിനെതിരെയുണ്ടായ നടപടി ജന്മി-കുടിയാന് തര്‍ക്കങ്ങള്‍ക്കിടെ ദേശീയ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് ജനതയെ നയിച്ചു.
1921 ആഗസ്റ്റ് 20ന് കണ്ണൂരില്‍നിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെയാണ് 26ന് നാടന്‍ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടന്മാര് നേരിട്ടത്.
സ്പെഷല്‍ ഫോഴ്സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും പോരാളികളായ നാനൂറില്പരം മാപ്പിളമാരുമാണ് കൊല്ലപ്പെട്ടത്. പോരാട്ടചരിത്രം പഠിക്കാന്‍ വിപുലമായ ലൈബ്രറിക്ക് പുറമെ ഖബറിടങ്ങളും കോവിലകം ഭാഗവും യുദ്ധസ്മരണ ഉറങ്ങുന്ന മേഖലയും ഉള്‍പ്പെടുത്തി ചരിത്രപഠന പദ്ധതിയാണ് യുദ്ധത്തിന്റെ ദിശതേടി പൂക്കോട്ടൂരിലെത്തുന്നവര് ആവശ്യപ്പെടുന്നത്.
ലൈബ്രറി വിപുലീകരിക്കാന്‍ ഗ്രാമ പഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും ഫലപ്രദ സമീപനം ഉണ്ടായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തും വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ ആവശ്യമായ ഇടപെലുകള്‍, സംഭവം നടന്ന് 103 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഉണ്ടായിട്ടില്ല. നാട്ടോര്‍മകളും ഇശല്‍ വിരുന്നുമൊക്കെയായുള്ള യുദ്ധ വാര്‍ഷികാചരണമാണ് ഇത്തവണ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.