പള്ളിമുക്ക് എന്ന പ്ലംബര്‍മാരുടെ ഗ്രാമം
text_fieldsപൂക്കോട്ടൂര്‍: പ്ലംബര്‍മാരുടെ സ്വന്തം ഗ്രാമമെന്ന നിലയില്‍ ശ്രദ്ധേയമാകുകയാണ് പൂക്കോട്ടൂരിലെ പള്ളിമുക്ക് എന്ന കൊച്ചു ഗ്രാമം. അറുപതോളം പ്ലംബര്‍മാരാണ് ഇവിടെയുള്ളത്.
മുതിര്‍ന്നവരും യുവാക്കളുമായ തൊഴിലാളികളില്‍ ഏറിയ പങ്കും ഈ മേഖലയില്‍ മാത്രം ജോലി ചെയ്യുന്നവരാണ്. ജലവിതരണ പദ്ധതികള്‍ മുതല്‍ വീടുകളിലേയും മറ്റു കെട്ടിടങ്ങളിലേയും പ്ലംബിങ് പ്രവൃത്തികള്‍ ചെയ്യുന്നവരും ഇവരിലുള്‍പ്പെടും.
2000ത്തില്‍ ലോകബാങ്കിന്റെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ് പള്ളിമുക്കിന്റെ പ്ലംബിങ് പെരുമ. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുമാണ് സംസ്ഥാനത്തുതന്നെ ഈ പദ്ധതി ആദ്യം തുടങ്ങിയത്. ഇതില്‍ പൂക്കോട്ടൂരിലെ പ്രവൃത്തി ഗ്രാമത്തിലെ നാടന്‍ പണിക്കാരെ ചേര്‍ത്തുപിടിച്ച് നാട്ടുകാരനായ തോണിക്കടവത്ത് ഉമ്മര്‍ ഏറ്റെടുക്കുകയായിരുന്നു. മണ്‍വെട്ടിയും പിക്കാസുമെല്ലാമായി കുഴിയെടുത്ത് അര ഇഞ്ച് മുതല്‍ മൂന്ന് ഇഞ്ച് വരെയുള്ള പി.വി.സി പൈപ്പുകള്‍ ഉപയോഗിച്ചാണ് അന്ന് ജല വിതരണ ശൃംഖല ഒരുക്കിയത്.
വീടുകളിലെ പ്ലംബിങ് ജോലികള്‍ മാത്രം ചെയ്തു ശീലിച്ചിരുന്ന അന്നത്തെ തൊഴിലാളികള്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ഇത്തരം പ്രവൃത്തികളുടെ സാങ്കേതിക വശങ്ങളും സ്വായത്തമാക്കി. ഉമ്മറിനൊപ്പം കൈകോര്‍ത്ത് ചിറപറമ്പന് ഉബൈദ്, കൊടക്കാടന്‍ സലീം, തോണിക്കടവത്ത് ഉസ്മാന്, അമീര്‍ കുഴിക്കണ്ടന്‍ തുടങ്ങിയ അക്കാലത്ത് ഗ്രാമത്തിലെ പ്രധാന പ്ലംബര്‍മാരും ചേര്‍ന്നപ്പോള്‍ വലിയ ജല വിതരണ പദ്ധതികളിലായി സംഘത്തിന്റെ ശ്രദ്ധ.
ലോകബാങ്ക് പദ്ധതിക്കു ശേഷം ജപ്പാന് കുടിവെള്ള പദ്ധതി, തോട്ടങ്ങള്‍ നനയ്ക്കാനുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, ജലനിധി, ജല്‍ ജീവന് മിഷന് പ്രവൃത്തികള്‍, വാട്ടര്‍ അതോറിറ്റിയുടേയും ഫിഷറിസ് വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും വിവിധ പദ്ധതികള്‍ എന്നിവയും ജില്ല പഞ്ചായത്തിന്റേയും വിവിധ ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടേയും ജില്ലയിലെ മിക്ക കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ക്കും പള്ളിമുക്കിലെ പ്ലംബര്‍മാര്‍ ചുക്കാന്‍ പിടിച്ചു.
ഇപ്പോഴത് വിവിധ ജില്ലകളിലെ ഷട്ട് ഡൗണ്‍ പദ്ധതികളിലും കിഫ്ബി, അമൃത് കുടിവെള്ള വിതരണ പദ്ധതികളിലും എത്തിനില്‍ക്കുന്നു.
മണ്‍വെട്ടികൊണ്ട് കുഴിയെടുത്ത് പി.വി.സി പൈപ്പിട്ടിരുന്ന പഴയ രീതിയില്‍നിന്ന് മാറി ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ എം.എസ്, ജി.എസ്, കാസ്റ്റിങ് അയേണ്‍, ഡി.ഐ പൈപ്പുകള്‍ ഉപയോഗിച്ചുള്ള പുതുകാല നിര്‍മാണ രീതിയും അനായാസം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി വരുകയാണ് പള്ളിമുക്കിലെ തൊഴിലാളികള്‍. സംഘത്തില്‍ ഏറിയ പങ്കും നാട്ടുകാര്‍തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.