പൂക്കോട്ടൂർ യുദ്ധം നൂറാം വയസ്സിലേക്ക്
text_fieldsമലപ്പുറം: അധിനിവേശ വിരുദ്ധ പോരാട്ടത്തിെൻറ ജ്വലിക്കുന്ന ഓർമകളിൽ പൂക്കോട്ടൂർ യുദ്ധം നൂറാം വയസ്സിലേക്ക്. 1921 ആഗസ്റ്റ് 26ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്.
1921ലെ മലബാർ വിപ്ലവ സമരങ്ങളുടെ പോരാട്ടഭൂമികളിലൊന്നായ പൂക്കോട്ടൂരിൽ സർവ സന്നാഹങ്ങളുമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ കരുത്തരായ സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചെറുത്തുനിൽപിനും അതിജീവന പോരാട്ട സമരങ്ങൾക്കും സാക്ഷിയായ യുദ്ധത്തിന് 99 വയസ്സായി. ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ് മാപ്പിളമാർ അവരെ ഗറില്ല യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു.
ആയുധശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചുമണിക്കൂർ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പിൻവാങ്ങി. 259 പേർ യുദ്ധക്കളത്തിൽ തന്നെ മരിച്ചുവീണു. 400ലേറെ പടയാളികളാണ് യുദ്ധത്തിെൻറ ഭാഗമായി വീരമൃത്യു വരിച്ചത്.
യുദ്ധശേഷം പ്രദേശത്തെ ആകമാനം നാമാവശേഷമാക്കി ബ്രിട്ടീഷ് പട്ടാളം. പോരാളികളെ അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാടുകടത്തി.
ചിലരെ തൂക്കിക്കൊന്നു, ചിലരെ െവടിവെച്ചുകൊന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടിൽ മുഹമ്മദായിരുന്നു യുദ്ധത്തിന് നേതൃത്വം നൽകിയത്. ചരിത്രയേടുകളിൽ ഇടമില്ലാത്ത പോരാട്ട സ്മരണകളായി അവ നിലകൊള്ളുകയാണിപ്പോഴും.
വെള്ളക്കാരെൻറ കിരാത ഭരണത്തിൽനിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കാൻ പൂക്കോട്ടൂരിലെ യോദ്ധാക്കൾ ഹൃദയരക്തം കൊണ്ട് ചരിത്രമെഴുതിയ ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങൾ ബോധപൂർവം വിസ്മരിച്ചിരിക്കുകയാണെന്നും മതഭ്രാന്തന്മാരുടെ ലഹളയായും കലാപമായും ചിത്രീകരിക്കപ്പെടുേമ്പാൾ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരുക ശ്രമകരമാണെന്നും പുതുതലമുറ ചരിത്രകാരന്മാർ പറയുന്നു.
പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീംഖാന, 1921 പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് അറവങ്കര, പിലാക്കലിലെ പൂക്കോട്ടൂർ രക്തസാക്ഷികളുടെ അഞ്ച് മഖ്ബറകൾ എന്നിവ സ്മാരകമായി പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും തലയുയർത്തി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.