ഗുണനിലവാരമില്ലാത്ത വിത്തുകള്‍: കർഷകന് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകണം -ഉപഭോക്തൃ കമീഷന്
text_fieldsമലപ്പുറം: വിതരണം ചെയ്ത പപ്പായ തൈകള്‍ക്ക് ഗുണനിലവാരമില്ലാത്തതിന് കര്ഷകന് രണ്ടരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് ഉത്തരവ്.
കാര്‍ഷിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന മികച്ച കൃഷിക്കാരനെന്ന ബഹുമതി നേടിയ അരീക്കോട് ഉഗ്രപുരം സ്വദേശി കാളിദാസന് നല്കിയ ഹരജിയിലാണ് കമീഷൻ ഉത്തരവുണ്ടായത്. മലപ്പുറം മുണ്ടേരി വിത്തുകൃഷി തോട്ടം ഡെപ്യൂട്ടി ഡയറക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്.
കൃഷിക്കാരെൻറ ഉൽപാദന ചെലവിലേക്ക് 1,35,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം കൃഷിക്കാരന് നൽകണമെന്നാണ് അഡ്വ. പ്രീതി സുരേഷ്, അഡ്വ. കെ. മോഹന്‍ദാസ് എന്നിവരടങ്ങിയ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് വിധിച്ചത്.
മുണ്ടേരി വിത്തു കൃഷി തോട്ടത്തില്‍നിന്നാണ് 2018 ഫെബ്രുവരിയില്‍ പരാതിക്കാരന് റെഡ്സണ്‍ ഇനത്തില്‍പെട്ട 500 പപ്പായ തൈകള്‍ വാങ്ങി കൃഷി ചെയ്തത്. മൂന്നു മാസത്തിനകം വിളവുണ്ടാകും ചെറിയ ഉയരമേ ഉണ്ടാകൂ തുടങ്ങിയ പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് തൈകള്‍ വാങ്ങിയത്. രണ്ടുമാസം പ്രായമായ തൈകള്‍ വെച്ചുപിടിപ്പിച്ച് മൂന്നുമാസം കഴിഞ്ഞും വിളവു നല്‍കാതെയും നാടന്‍ തൈകളേക്കാളും ഉയരത്തില്‍ വളരാനും തുടങ്ങിയപ്പോള്‍ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.
പരാതിക്കാരെൻറ സ്ഥലം പപ്പായ കൃഷിക്ക് പറ്റിയതല്ലെന്നും നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കൃഷിനശിച്ചതാണെന്നുമുള്ള എതിര്‍കക്ഷികളുടെ വാദം കമീഷന് സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.