പോപുലർ ഫ്രണ്ട് ഹർത്താൽ: മലപ്പുറം ജില്ലയിൽ സ്വത്ത് കണ്ടുകെട്ടൽ ഏഴ് താലൂക്കുകളിൽ, ഇന്ന് പൂർത്തിയാകും
text_fieldsമലപ്പുറം: സെപ്റ്റംബർ 27ലെ പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലും റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. 125 ആധാരമടക്കം സ്ഥാവര ജംഗമ വസ്തുക്കളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ടുകെട്ടുന്നത്. ഇതിനുള്ള നടപടികൾ ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തുടങ്ങി. നടപടികൾ ശനിയാഴ്ചതന്നെ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴ് താലൂക്കുകളിൽ അതത് തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ വില്ലേജ് ഓഫിസർമാരാണ് നടപടികൾ ആരംഭിച്ചത്.
കണ്ടുകെട്ടൽ നടപടികൾ 50 ശതമാനത്തോളം പൂർത്തിയായി. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ എം.സി. റെജിലിനാണ് ജില്ലതല ചുമതല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടുകെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. അതത് സ്ഥലങ്ങളിൽ വെള്ളിയാഴ്ചതന്നെ വില്ലേജ് ഓഫിസർ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആധാരം അടക്കമുള്ള രേഖകൾ പരിശോധിച്ചാണ് നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കുക.
ഇതിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള നടപടികൾ ശനിയാഴ്ചയോടെ അവസാനിപ്പിക്കും. രണ്ടു ദിവസത്തിനകം നടപടി പൂർത്തിയാക്കി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ക്രോഡീകരിച്ച് റിപ്പോർട്ട് 23ന് കലക്ടർ കോടതിയിൽ സമർപ്പിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ ആറ് വില്ലേജുകളില്‍ റവന്യൂസംഘം നടപടികള്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ എത്തിയത്. പെരിന്തല്‍മണ്ണ വില്ലേജിൽ രണ്ട്, അങ്ങാടിപ്പുറം- ഏഴ്, മൂര്‍ക്കനാട്- രണ്ട്, വലമ്പൂരിൽ -മൂന്ന്, താഴേക്കോട് -രണ്ട്, പുഴക്കാട്ടിരി -മൂന്ന് എന്നിങ്ങനെയാണ് ജപ്തി ചെയ്യുന്ന വസ്തുക്കളുടെ എണ്ണം. ഇവയില്‍ കൂടുതലും സ്ഥലങ്ങളാണ്. വീടുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.