പോക്സോ കേസുകൾ ഏറുന്നു; കെടരുത് പാൽപുഞ്ചിരി
text_fieldsമലപ്പുറം ജില്ല ജനസംഖ്യയിൽ മാത്രമല്ല, പോക്സോ കേസുകളിലും മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുറച്ചു വർഷങ്ങളായി ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. 379 കേസുകളാണ് കഴിഞ്ഞവർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ആരും അറിയാതെ പോകുന്നത് ഇതിലും എത്രയോ കൂടുതലുണ്ടാകും. കുട്ടികൾക്ക് നേരെയുള്ള അതിക്രൂരമായ പീഡനകഥകളാണ് പലപ്പോഴും പുറത്തുവരുന്നത്. സഹോദരങ്ങൾ വരെ പ്രതികളായ കേസുകളുണ്ട്. പല വഴികളിലൂടെയും കുറ്റവാളികൾ ഇരയെ കണ്ടെത്തുന്നു. സ്വന്തം കുടുംബത്തിലുള്ളവരാകാം, അയൽവാസികളാവാം, വളരെ അടുത്ത പരിചയമുള്ളവരാകാം...സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളെ വശത്താക്കി പീഡിപ്പിക്കുന്ന കേസുകളും വർധിച്ചു. പോക്സോ കേസുകൾ കൂടിവരുന്നതിെൻറ കാരണങ്ങളും
നിയമവശങ്ങളും പരിശോധിക്കുന്ന പരമ്പര ഇന്നുമുതൽ.
പീഡിപ്പിക്കപ്പെടുന്നത് ഉറ്റവരാൽ...
ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ഇൗയിടെ റിപ്പോർട്ട് ചെയ്ത പോക്സോ കേസിലെ പ്രതി 16കാരനായ സഹോദരനായിരുന്നു. മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്ട് (എം.ടി.പി) പ്രകാരം ഗർഭഛിദ്രം നടത്തി ഇരയെ വീട്ടുകാരൊടൊപ്പം പറഞ്ഞയച്ചു.
സഹോദരനെ ജുവനൈൽ ഹോമിലേക്ക് മാറ്റാനും ഉത്തരവിട്ടു.
ജില്ലയിൽ മറ്റൊരിടത്ത് 13കാരി ഗർഭിണിയായതും സ്വന്തം വീട്ടിലെ അംഗങ്ങളിൽനിന്നാണ്. സഹോദരങ്ങളും രണ്ടാനച്ഛൻമാരുമൊക്കെ പ്രതികളായ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ വേഗത്തിൽ ഒത്തുതീർപ്പിേലക്ക് നീങ്ങുന്നു.
പീഡനത്തിനിരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് മഞ്ചേരി പയ്യനാട്ടെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം. പെരിന്തൽമണ്ണയിൽ വൺ സ്റ്റോപ് സെൻറർ എന്ന താൽക്കാലിക കേന്ദ്രവുമുണ്ട്. പൊലീസ്, മെഡിക്കൽ, കൗൺസലിങ്, നിയമപരമായ സഹായങ്ങൾ എന്നിവ ഇവിടെനിന്ന് ലഭിക്കും. നിലവിൽ പയ്യനാട്ടെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിലുള്ള 30 കുട്ടികളിൽ ഭൂരിപക്ഷവും ഇരയായത് സ്വന്തം വീടുകളിലാണ്. ഇവർ ഇവിടെതന്നെ കഴിയേണ്ടിവരുന്നത് പ്രതികൾ വീടുകളിലായതിനാലാണ്.
കോവിഡും ലോക്ഡൗണും കാരണം സ്കൂളുകൾ തുറക്കാത്തതും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നു. സ്കൂളുകൾ അടച്ചതിനാൽ പീഡനവിവരം പുറത്തറിയുന്നതും കുറഞ്ഞു. സ്കൂൾ കൗൺസലർമാർ, സഹപാഠികൾ എന്നിവർ വഴിയായിരുന്നു പല വിവരങ്ങളും ബന്ധപ്പെട്ട അധികൃതർ അറിഞ്ഞത്.
ജില്ലയെ ഞെട്ടിച്ച കേസുകൾ
അടുത്ത കാലത്ത് ജില്ലയെ ഞെട്ടിച്ച കേസുകളാണ് പാണ്ടിക്കാട്ടും കൽപകഞ്ചേരിയിലുമുണ്ടായത്. പാണ്ടിക്കാട് പീഡനക്കേസ് ആരംഭിച്ചത് 2016ലാണ്. അന്ന് ഒരു കേസും 2017ൽ രണ്ട് കേസുകളും 2020, 2021 വർഷങ്ങളിൽ 75 കേസുകളും രജിസ്റ്റർ ചെയ്തു. 60 പേരാണ് ഇതുവരെ അറസ്റ്റിലായത്. 40ഒാളം പേരെ അറസ്റ്റ് ചെയ്യാനുണ്ട്. കൽപകഞ്ചേരിയിൽനിന്ന് രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴി യുവാവുമായി പരിചയപ്പെട്ടതാണ് തുടക്കം. പിന്നീട് പ്രതിയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ പണവും കഞ്ചാവും നൽകി പീഡിപ്പിച്ചു. അതിന് ശേഷം മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്തു. രണ്ടാനച്ഛനും സുഹൃത്തുക്കളും ചേർന്ന് ഇരയാക്കിയ സംഭവമായിരുന്നു അത്. പ്രായമായവർ ഉൾപ്പെടെ ആറ് പ്രതികളാണ് പിടിയിലായത്.
സമൂഹമാധ്യമങ്ങളും വില്ലൻ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ കുട്ടികളുടെ എണ്ണവും കൂടുതലാണ്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനും നിരക്ക് വർധിക്കുന്നതിനും ഇതും കാരണമാവാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയാവുന്നതിലെ പ്രധാന വില്ലൻ ഇൻസ്റ്റഗ്രാമടക്കമുള്ള സമൂഹമാധ്യമങ്ങളാണ്. കെണിയൊരുക്കുന്നവർ ഇതുവഴി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ ഉൾപ്പെടെ കൈക്കലാക്കും. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കും. കുട്ടികൾ പലരും സജീവമാണ്. അക്കൗണ്ട് തുറക്കുന്നത് പോലും മാതാപിതാക്കൾ അറിയുന്നില്ല. ഫേസ്ബുക്കിൽ മുതിർന്നവർക്കും അക്കൗണ്ട് ഉണ്ടാകും. എന്നാൽ, ഇൻസ്റ്റഗ്രാമിൽ 'ന്യൂജൻ പിള്ളേരാ'ണ് കൂടുതൽ സജീവം.
പോക്സോ കേസുകൾ പുറത്തുകൊണ്ടുവരാൻ പൊലീസ് കൂടുതൽ സൗഹൃദപരമായ ഇടപെടൽ നടത്തണമെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഒത്തുതീർപ്പിനാണ് പൊലീസ് പലപ്പോഴും ശ്രമിക്കുന്നത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇതിെൻറ കാരണം കണ്ടുപിടിക്കാൻ ജില്ല പഞ്ചായത്ത്, പൊലീസ്, ജില്ല ശിശുസംരക്ഷണ യൂനിറ്റ് എന്നിവർ ഇതുവരെ പഠനം നടത്താൻ തയാറായിട്ടില്ല.
കുറ്റം തെളിഞ്ഞാൽ കടുത്ത ശിക്ഷ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമസംവിധാനത്തിലെ കാലതാമസം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. 12ാം വയസ്സിൽ പീഡനത്തിനിരയായ സംഭവത്തിൽ ആറും ഏഴും വർഷവും നീളുന്ന നിയമനടപടികൾക്കൊടുവിൽ പ്രതി ഇരയെ വിവാഹം ചെയ്യുന്ന നിരവധി സംഭവങ്ങളും ജില്ലയിലുണ്ടായി. എന്താണ് പോക്സോ നിയമം, ഈ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ, അവക്ക് ലഭിക്കുന്ന ശിക്ഷ എന്നിവയെക്കുറിച്ച് നാളെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.