പോക്സോ നിയമം കുട്ടികളെ സംരക്ഷിക്കാൻ
text_fieldsൈലംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം 2012 (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് -പോക്സോ) 2012ലാണ് ലോക്സഭ പാസാക്കിയത്. നിലവിലെ നിയമങ്ങളെ ശക്തിപ്പെടുത്താനും കുട്ടികൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്താനും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകാനുമാണിത്.
കുട്ടികളെ മാനസികവും ശാരീരികവുമായി ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ലൈംഗിക ചൂഷണം. ആൺ-പെൺ വ്യത്യാസമില്ലാതെ ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതാണ് ഇൗ നിയമം. ബാലനീതി നിയമം 2015 പ്രകാരം 18 വയസ്സിന് താഴെയുള്ള ഏതൊരാളും കുട്ടിയാണ്. ഇവർക്കാണ് പോക്സോ നിയമ സംരക്ഷണം.
കൂടി വരുന്ന കണക്കുകൾ ഇങ്ങനെ
മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് വർഷങ്ങളായി പോക്സോ കേസുകളിൽ മുന്നിട്ടുനിൽക്കുന്നത്. കേരള പൊലീസിെൻറ കണക്കുപ്രകാരം മലപ്പുറം ജില്ലയിൽ 244 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിൽ 261 കേസുകളും. 2017ൽ തിരുവനന്തപുരത്ത് 361 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറത്ത് 219ഉം. 2018ൽ തിരുവനന്തപുരത്ത് 385ഉം മലപ്പുറത്ത് 410ഉം ആയിരുന്നു കേസുകൾ. 2019ൽ മലപ്പുറം-444, തിരുവനന്തപുരം-464, 2020ൽ തിരുവനന്തപുരം-351, മലപ്പുറം-379 എന്നിങ്ങനെയായിരുന്നു. 2021 മാർച്ച് വരെ മലപ്പുറത്ത് 166 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ തിരുവനന്തപുരത്ത് 113 ആണ്രജിസ്റ്റർ ചെയ്തത്.
കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നവ; ശിക്ഷയുടെ കാഠിന്യം
• ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് ഏഴുവർഷത്തിൽ കുറയാത്ത തടവും പരമാവധി ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
• ലൈംഗിക ചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ കുട്ടികളെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ലൈംഗികാതിക്രമമാണ്. മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്.
• കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പലപ്പോഴുമുണ്ടാകുന്നത് അവരുടെ സംരക്ഷണ ചുമതലയുള്ളവരിൽനിന്നാണ്. അനാഥാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നത് ചുരുങ്ങിയത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
• ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്താൽ ചുരുങ്ങിയത് ജീവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷ.
• കുട്ടികളിൽ എച്ച്.ഐ.വി അണുബാധക്ക് കാരണമാകുകയോ പെൺകുട്ടികളാണെങ്കിൽ ഗർഭിണിയാവുകയോ ചെയ്യുന്ന സംഭവങ്ങളിലും ചുരുങ്ങിയത് ജീവപര്യന്തവും പിഴയും നിയമം ഉറപ്പാക്കുന്നു.
ജില്ലയിൽ ഓരോ വർഷവും കേസുകൾ കൂടിവരുന്നുവെന്ന യാഥാർഥ്യത്തിന് മുന്നിൽ കണ്ണടച്ചിട്ട് കാര്യമില്ല. ഇത് നിയന്ത്രിക്കുന്നതിലും കുട്ടികളെ സംരക്ഷിക്കുന്നതിലും മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. അതേക്കുറിച്ച് നാെള.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.