പുലാമന്തോൾ പാലത്തിലെ കുഴികൾ മരണക്കെണിയാവുന്നു
text_fieldsപുലാമന്തോൾ: നിർമിച്ച് രണ്ട് പതിറ്റാണ്ടിനോടടുത്തിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിലെ കുഴികൾ മരണക്കെണിയായി മാറി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിലെ പാലത്തിന്റെ തുടക്കത്തിൽ തന്നെയുള്ള കുഴിയിൽ ചാടിയ ഓട്ടോറിക്ഷ മറിഞ്ഞ് കഴിഞ്ഞദിവസം ഡ്രൈവർ മരിച്ചിരുന്നു.
നിയന്ത്രണംവിട്ട് ഫുട്പാത്തിൽ കയറിയ ഓട്ടോ റോഡിലേക്ക് തെറിച്ച് വീണ ഡ്രൈവറുടെ തലയിലേക്ക് മറിയുകയുമായിരുന്നു. 10 വർഷമായി പാടെ തകർന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ചെറിയ വാഹനങ്ങൾ കുഴികളിൽവീണ് മറിയുന്നതും വലിയ വാഹനങ്ങൾ പോലും തകരാറിലാവുന്നതും പതിവാണ്. ദീർഘദൂര സർവിസുകളടക്കം ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് രാപ്പകൽ ഭേദമന്യേ ഇതിലൂടെ സഞ്ചരിക്കുന്നത്. പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ പരാതിപ്പെട്ടെങ്കിലും അധികാരികൾ പുറംതിരിഞ്ഞുനിൽക്കുകയാണ്. 2004 ൽ കെ.ആർ.ബി.ഡി.സിയാണ് പാലം പുതുക്കിപ്പണിതത്.
ആറു വർഷത്തിനുശേഷം പാലത്തിലെ എട്ട് സ്പാൻ ജോയൻറുകളും തകർന്നു. ഈർച്ചപ്പൊടിയും ടാറും മറ്റും വെച്ച് ഓട്ടയടച്ചെങ്കിലും വീണ്ടും തകരുകയായിരുന്നു. സ്പാൻ ജോയന്റ് തകർച്ചക്കുപുറമെ പാലത്തിലെ ടാർ അടർന്നു നീങ്ങുകയും ചെയ്തതോടെ നാട്ടുകാർ കെ.ആർ.ബി.ഡി.സിയുടെ ടോൾ ബൂത്തിലെത്തി പ്രതിഷേധിച്ചിരുന്നു. 15 വർഷം ടോൾ പിരിച്ചെടുത്ത ശേഷം കെ.ആർ.ബി.ഡി.സി അധികൃതർ സ്ഥലം വിട്ടതോടെ പാലം നാഥനില്ലാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.