പ്രാണവായു പദ്ധതി:മഞ്ചേരി മെഡിക്കൽ കോളജിന് ലഭിച്ചത് ആറ് വെന്‍റിലേറ്റർ
text_fieldsമലപ്പുറം: സർക്കാർ ആശുപത്രികളിൽ പൊതുജന പങ്കാളിത്തത്തോടെ ചികിത്സ സൗകര്യം വർധിപ്പിക്കാൻ മുൻ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രാണവായു പദ്ധതിയിൽ മഞ്ചേരി മെഡിക്കൽ കോളജിന് ലഭിച്ചത് ആറ് വെന്‍റിലേറ്ററുകൾ. കോട്ടക്കൽ സുപ്രീം ഫൗണ്ടേഷൻ മൂന്നെണ്ണവും പുണെ ടാറ്റ ബ്ലൂ സ്കോപ് സ്റ്റീൽ ഒന്നും കോഴിക്കോട് സി.ജി ആൻഡ് എ.സി എന്ന സംഘടന രണ്ടെണ്ണവും നൽകി. കോട്ടക്കൽ സുപ്രീം ഫൗണ്ടേഷൻ 29,70,000 രൂപ ചെലവഴിച്ചാണ് മൂന്ന് വെന്‍റിലേറ്ററുകൾ സ്ഥാപിച്ചത്. ടാറ്റ ബ്ലൂ സ്കോപ് ഫിലിപ്സ് റെസ്പിറോണിക്സ് കമ്പനിയുടെ ഒന്നും നാലാം വാർഡിൽ സ്ഥാപിച്ചിട്ടുണ്ട്. സി.ജി ആൻഡ് എ.സി സംഘടന മൂന്നെണ്ണം 12ാം വാർഡിൽ സ്ഥാപിച്ചിട്ടുണ്ട്. 15,50,000 രൂപയാണ് ചെലവഴിച്ചത്. പദ്ധതിയിൽ സാധനസാമഗ്രികൾ വാങ്ങാൻ പണം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
പ്രാണവായു പദ്ധതിയിൽ സർക്കാർ ആശുപത്രികളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തത് സംബന്ധിച്ച് ജില്ല ഭരണകൂടം, ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം (എൻ.എച്ച്.എം) എന്നിവയുടെ പക്കൽ കണക്കുകളില്ലെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. കൂടാതെ പദ്ധതി പ്രകാരം ജില്ലയിൽ ആകെ ലഭിച്ചത് മൂന്ന് വെന്‍റിലേറ്ററുകളാണെന്ന് മറ്റൊരു മറുപടിയിലും പറഞ്ഞിരുന്നു. എന്നാൽ, മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രം ആറ് വെന്‍റിലേറ്റർ ലഭിച്ചിട്ടുണ്ട്.
മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് വെന്‍റിലേറ്ററുകളുടെ എണ്ണവും സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെ പേരും ലഭിച്ചത്. ജില്ലയുടെ അടിസ്ഥാന സൗകര്യത്തിന് സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിന് പകരം 'ജനകീയ സഹകരണം' വഴി ഫണ്ട് കണ്ടെത്താനായിരുന്നു മുൻ കലക്ടർ കെ. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ 'മലപ്പുറത്തിന്‍റെ പ്രാണവായു' പദ്ധതി കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ചത്. കോവിഡ് രണ്ടാം തരംഗത്തിൽ വെന്‍റിലേറ്ററുകൾക്കും ഐ.സി.യു ബെഡുകൾക്കും ക്ഷാമം നേരിട്ടതോടെ സൗകര്യം വർധിപ്പിക്കാനാണ് ജനകീയ സഹായം തേടിയത്.
വ്യവസായികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽനിന്ന് പദ്ധതിയിലേക്ക് പണമായും സാധന സാമഗ്രികളും കൈപ്പറ്റിയിരുന്നു. ഈ സാധന സാമഗ്രികൾ ജില്ലയിലെ ഏതൊക്കെ ആശുപത്രികളിലേക്ക് കൈമാറിയെന്നത് സംബന്ധിച്ച വിവരമാണ് ആരോഗ്യ വകുപ്പ്, എൻ.എച്ച്.എം എന്നിവരുടെ പക്കൽ ലഭ്യമല്ലാത്തത്. ജനങ്ങളിൽനിന്ന് ശേഖരിച്ച 15,17,020 രൂപയിൽനിന്ന് ഒരുരൂപ പോലും ആശുപത്രികളുടെ ആവശ്യത്തിനായി വിനിയോഗിച്ചിട്ടില്ല. 'ഡിസ്ട്രിക്ട് കലക്ടർ മലപ്പുറം' എന്ന ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.