വിലക്കയറ്റം പരിധിവിടുന്നു, ഹോട്ടൽ മേഖലയിൽ ദുരിതം ‘തിളക്കുന്നു’
text_fieldsമലപ്പുറം: വിലക്കയറ്റവും നിയമക്കുരുക്കുകളും പരിധി വിടുമ്പോൾ പ്രതിസന്ധിയുടെ രുചിയില്ലാത്ത കഥകളാണ് ഹോട്ടൽ വ്യാപാരികൾക്ക് ‘വിളമ്പാനുള്ളത്’. അനിയന്ത്രിതമായ വിലക്കയറ്റത്തിനൊപ്പം തൊഴിലാളി ക്ഷാമവും വൈദ്യുതി ബില്ലുകളുമെല്ലാം ഹോട്ടൽ മേഖലയെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടൽ വ്യാപാരികൾ കുടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ, മൈദ, മത്സ്യം, മാംസം തുടങ്ങിയവക്കും വില കുത്തനെ ഉയരുകയാണ്. പാചക വാതക സിലിണ്ടറിനും 200 രൂപക്ക് മുകളിലാണ് സമീപകാലത്തെ വർധന.
ചിക്കനും മത്സ്യത്തിനും ബീഫിനുമെല്ലാം വിലയിൽ വരുന്ന മാറ്റങ്ങളും ഹോട്ടലുകളെ ബാധിക്കുന്നുണ്ട്. ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാനാവാതെ പ്രയാസത്തിലാണ് മിക്ക ഹോട്ടലുകളും. വിലക്കയറ്റത്തിന് അനുസരിച്ച് ചില ഹോട്ടലുകൾ വിലകൂട്ടിയിട്ടുണ്ട്. എന്നാൽ വലിയ വർധനവ് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പലരും അതിന് തുനിയാറില്ല. ലക്ഷങ്ങൾ മുതൽ മുടക്കി തുടങ്ങിയ ഹോട്ടലുകളിൽ പലതും മുന്നോട്ടു പോവാനാവാതെ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്ന് മേഖലയിലുള്ളവർ പറയുന്നു. പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വലിയ പ്രതീക്ഷയോടെ തുടങ്ങി അടച്ചു പൂട്ടുന്ന ഹോട്ടലുകളുടെ അവസ്ഥ. സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ കച്ചവടം നിർത്തി മറ്റു മേഖലകളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
ജില്ലയിൽ അടച്ചു പൂട്ടിയത് 300ഓളം ഹോട്ടലുകൾ
മലപ്പുറം ജില്ലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 300 ഓളം ഹോട്ടലുകൾ അടച്ചു പൂട്ടിയതായാണ് ലഭ്യമായ വിവരം. മലപ്പുറം മുനിസിപ്പൽ പരിധിയിൽ മാത്രം 35 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ഹോട്ടലുകളുടെ കണക്കാണിത്. എന്നാൽ മറ്റു ഹോട്ടലുകളുടെ കണക്ക് കൂടി പരിശോധിച്ചാൽ ഇതിലും കൂടുമെന്നുറപ്പാണ്. നാട്ടിൽ ഏറ്റവും കൂടുതൽപേർക്ക് ജോലി നൽകുന്ന ബിസിനസായിട്ടും പ്രകൃതി ദുരന്തങ്ങളിലുൾപ്പെടെ ഭക്ഷണമെത്തിക്കാനും മറ്റു സഹായങ്ങളെത്തിക്കാനും ഹോട്ടൽ വ്യാപാരികൾ മുൻപന്തിയിലുണ്ടായിട്ടും സർക്കാറിന്റെ ഒരു ആനുകൂല്യവും പരിഗണനയും ലഭിക്കാത്ത മേഖലയാണ് ഹോട്ടലുകളെന്നും വ്യാപാരികൾ സങ്കടം പറയുന്നു.
സമരത്തിനിറങ്ങും
അവശ്യ സാധനങ്ങളുടെ അനിയന്ത്രിത വിലവര്‍ധനവ്, ബദല്‍ സംവിധാനമില്ലാത്ത പ്ലാസ്റ്റിക് നിരോധനം എന്നീ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന് സമരത്തിനിറങ്ങുകയാണ്. ആദ്യഘട്ടമെന്ന നിലക്ക് ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.
പിടിച്ചുനിൽക്കാനാവാത്ത സ്ഥിതി; സർക്കാർ ഇടപെടണം -കെ.എച്ച്.ആർ.എ
വിലകയറ്റം മൂലം ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും നിലനിൽക്കാൻ പ്രയാസപ്പെടുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സി.എച്ച്. അബ്ദു സമദ് പറഞ്ഞു.
സാധനങ്ങളുടെ വില വർധന, ലൈസൻസ് ഫീ, വൈദ്യുതി ബിൽ വർധന എന്നിവയെല്ലാം ഈ മേഖലയെ തളർത്തുകയാണ്. കെട്ടിട വാടകക്ക് അനുസൃതമായി ജി.എസ്.ടി കൂടി നൽകണമെന്ന നിർദ്ദേശം കൂടി പ്രാബല്യത്തിലായാൽ ഈ മേഖലക്ക് കൂടുതൽ തിരിച്ചടിയാകും. ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ട് വിലവർധന തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.