അടിച്ച് കയറി തക്കാളി; എരിയിച്ച് പച്ചമുളക്
text_fieldsമലപ്പുറം: മഴക്കാല കുളിരിലും സാധാരണക്കാരന്റെ കീശ ‘പൊള്ളിച്ച്’ പച്ചക്കറി വിപണി. അടുക്കളയിലെ താരമായ തക്കാളിയും ഒഴിച്ചുകൂടാനാവാത്ത പച്ചമുളകുമെല്ലാം അടിക്കടി വിലകയറി കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ഒരു മാസം മുന്നേ കിലോക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിയാണ് ഇരട്ടിയിലധികം വില കൂടി 50ലെത്തിയത്. പച്ചമുളകാണ് ഇത്തവണ വിപണിയെ കൂടുതൽ എരിയിപ്പിച്ചത്. നാലാഴ്ച മുമ്പ് 70 രൂപക്ക് വിൽപന നടത്തിയിരുന്ന പച്ചമുളക് 160 രൂപയിൽ എത്തിയത് ‘അമിതവേഗത’യിലാണ്. 30 രൂപക്ക് സഞ്ചിയിലാക്കിയിരുന്ന ഉരുളക്കിഴങ്ങിന് 45 രൂപയാണ് ചൊവ്വാഴ്ച മലപ്പുറം നഗരത്തിലെ ശരാശരി വില. കുത്തനെ വില കുറഞ്ഞ് സന്തോഷം പങ്കിട്ട സവാള വീണ്ടും തിരിച്ച് 45ലെത്തി.
40 രൂപയുണ്ടായിരുന്ന കൈപ്പ 80ലെത്തി കൈപ്പ് കൂട്ടി. എല്ലാ സീസണിലും ആവശ്യക്കാരേറെയുള്ള നേന്ത്രപ്പഴവും ‘മോശമാക്കിയില്ല’. ഒരു മാസത്തിനിടെ 20 രൂപയോളം കൂടി 60ലെത്തിയിരിക്കുകയാണ് നേന്ത്രൻ. കൂടാതെ കാരറ്റ്, എളവൻ, മുരിങ്ങ, പയർ തുടങ്ങിയവയും വിലക്കയറ്റ ട്രാക്കിൽ അതിവേഗം കുതിക്കുകയാണ്. നേരത്തെ വിപണിയിലെ വാർത്ത താരങ്ങളായിരുന്ന വെളുത്തുള്ളിക്കും ചെറിയുള്ളിക്കും വിലവർധനവിൽ ഇത്തവണ വലിയ റോളില്ല.
പ്രദേശിക വിപണികളിലെ പച്ചക്കറി വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വിപണിയിലെ വിലക്കയറ്റവുമാണ് കേരള വിപണിയിൽ പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കാര്യമായി പച്ചക്കറി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.