അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ബസിൽ ആശുപത്രിയിലെത്തിച്ച ജീവനക്കാർക്ക് ആദരം
text_fieldsമഞ്ചേരി: ജീവൻ രക്ഷിക്കാൻ സ്വന്തം ജോലി മറന്ന ബസ് ജീവനക്കാരെ ആദരിച്ച് ക്ലബ് പ്രവർത്തകർ.
പയ്യനാട് അത്താണിക്കലിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി മാതൃകയായ സ്വകാര്യ ബസിലെ ജീവനക്കാരെയാണ് അത്താണിക്കൽ ടാലൻറ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ആദരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് അത്താണിക്കലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ച് പേർക്ക് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിനിടെ ആദ്യമെത്തിയത് മഞ്ചേരി-കരുവാരകുണ്ട് റൂട്ടിൽ സർവിസ് നടത്തുന്ന കുരിക്കൾ ബസ്.
ഇതോടെ ബസ് ജീവനക്കാരും റോഡിലിറങ്ങി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ബസിൽ മഞ്ചേരി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിച്ചാണ് ബസ് അടുത്ത ട്രിപ്പിന് പുറപ്പെട്ടത്. ഡ്രൈവർ റഫീഖ്, സജറുദ്ദീൻ, അരുൺ എന്നിവരെയാണ് ക്ലബ് പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചത്.
ക്ലബ് പ്രസിഡൻറ് നബീൽ മുസ്ലിയാരകത്ത്, സെക്രട്ടറി രജീഷ് നെല്ലിയോട്ടിൽ, ട്രഷറർ ഷെഫി ഹുനിയാസ് മാടായി, ജോയൻറ് സെക്രട്ടറി പ്രശോഭ്, വൈസ് പ്രസിഡൻറ് പി. സുബീഷ് തുടങ്ങി ക്ലബ് ഭാരവാഹികളും അംഗങ്ങളും നാട്ടുകാരും ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.