കായികാധ്യാപകരുടെ സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കണം; ആവശ്യം ശക്തം
text_fieldsതിരൂർ: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെടുന്ന കായികാധ്യാപകരെ അതത് വിദ്യാലയങ്ങളിൽ തന്നെ നിലനിർത്താനായി സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യം ശക്തമാവുന്നു.
സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലായി ആറായിരത്തോളം വരുന്ന അപ്പർ പ്രൈമറി (യു.പി), ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിൽ ആകെ ആയിരത്തി എണ്ണൂറിൽ താഴെ കായികാധ്യാപകരാണുള്ളത്. കഴിഞ്ഞ അധ്യയന വർഷത്തെ ആറാംദിന കണക്കെടുപ്പ് പൂർത്തിയായതിനെ തുടർന്ന് നിരവധി കായികാധ്യാപക തസ്തികകൾ നഷ്ടപ്പെട്ടിരുന്നു. ഇവരിൽ 2015ന് മുമ്പ് സർവിസിൽ പ്രവേശിച്ചവരെ ടീച്ചേഴ്സ് ബാങ്കിന്റെ ആനുകൂല്യത്തോടെ വിവിധ വിദ്യാലയങ്ങളിലേക്ക് പുനർവിന്യസിച്ചിരുന്നു. എന്നാൽ, തസ്തിക നഷ്ടപ്പെട്ടവരിൽ 2015ന് ശേഷം സർവിസിൽ പ്രവേശിച്ച 12 പേർ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി വിദ്യാലയങ്ങളിൽനിന്നും പുറത്താണ്.
അഞ്ചുമുതൽ പത്ത് വരെ ക്ലാസുകളിൽ ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ എന്ന പാഠ്യപദ്ധതിയും ഇതിന് പാദ-അർധ- വർഷ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും നിലവിലുണ്ട്. ഈ വിഷയം പഠിപ്പിക്കാനുള്ള ഏക അധ്യാപകൻ പുറത്താവുന്നതോടെ വിദ്യാർഥികളുടെ പഠനാവകാശവും നിഷേധിക്കപ്പെടുകയാണ്. വർഷങ്ങളായി നിലനിന്നിരുന്ന അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റങ്ങളുൾപ്പെടുത്തി മറ്റ് അധ്യാപക തസ്തിക മാനദണ്ഡങ്ങൾ പരിഷ്കരിക്കപ്പെട്ടെങ്കിലും കായികാധ്യാപക തസ്തിക മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കപ്പെട്ടിട്ടില്ല.
2017ൽ ഒന്നാം പിണറായി സർക്കാർ കായികാധ്യാപക സംരക്ഷണ ഉത്തരവ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് 2022 വരെ ഈ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും 2023ൽ ആ ഉത്തരവ് പിൻവലിക്കുകയാണുണ്ടായത്. സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ ഇക്കുറി അമ്പതോളം കായികാധ്യാപക തസ്തികകൾ നഷ്ടപ്പെടും. ഇവരിൽ പ്രൊട്ടക്ഷൻ ഇല്ലാത്ത ഇരുപതിലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുമുണ്ട്.
കൂടാതെ, ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 17ന് ജില്ല കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സംയുക്ത കായികാധ്യാപക സംഘടന നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.