തടയൽ, സംഘർഷാവസ്ഥ; ഗ്രീൻഫീൽഡ് പാത കല്ലിടൽ തുടങ്ങി
text_fieldsതുവ്വൂർ: ഭാരത് മാല പദ്ധതിയിലെ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമേറ്റെടുക്കൽ തുവ്വൂരിൽ സംഘർഷഭരിതമായി. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കല്ലിടാനെത്തിയ സംഘത്തെ നാട്ടുകാർ ആദ്യം തടഞ്ഞു.
ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെ ഇടപെടലിനെത്തുടർന്ന് ജനം പിന്തിരിഞ്ഞപ്പോഴാണ് കല്ലിടൽ തുടങ്ങാനായത്. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. മുൻകൂട്ടി അറിയിക്കാതെ എത്തിയ സംഘത്തെ തിങ്കളാഴ്ച നാട്ടുകാർ മടക്കിയയച്ചിരുന്നു. തുടർന്നാണ് സ്ഥലമേറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കല്ലിടാനെത്തിയത്.
പാണ്ടിക്കാട്-തുവ്വൂർ പഞ്ചായത്തുകൾ അതിരിടുന്ന വിലങ്ങുംപൊയിലിലെ മേച്ചേരി മുഹമ്മദിന്റെ ഭൂമിയിലാണ് കല്ലിടൽ തുടങ്ങിയത്. എന്നാൽ, പ്രദേശവാസികൾ കൂട്ടമായെത്തി കല്ലിടൽ തടഞ്ഞു. നഷ്ടപരിഹാര കാര്യത്തിൽ വ്യക്തതയും ഉറപ്പും വേണമെന്നായിരുന്നു അവരുടെ ആവശ്യം. സംഘർഷസാധ്യത മുന്നിൽ കണ്ട് കരുവാരകുണ്ട്, പാണ്ടിക്കാട് എസ്.ഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
തർക്കമായതോടെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. റാബിയ, തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുബൈദ എന്നിവരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഡെപ്യൂട്ടി കലക്ടറുമായി സംസാരിച്ചു. ഇരകളുടെ ആവശ്യങ്ങൾ അവർ ശ്രദ്ധയിൽപെടുത്തി.
ദേശീയപാത സ്ഥലമേറ്റെടുക്കൽ നിയമത്തിനകത്തുനിന്ന് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാം എന്നും അതിനപ്പുറം വേണ്ടവർക്ക് പരാതിയുമായി പോകാമെന്നും അദ്ദേഹം അറിയിച്ചു. ഒരുമണിക്കൂർ നീണ്ട തർക്കത്തിനൊടുവിലാണ് ജനം പിന്തിരിഞ്ഞത്. തടയൽ തങ്ങളുടെ നിലപാടല്ലെന്നും ഇരകളുടെ സങ്കടങ്ങൾ സമാധാനപരമായി അധികൃതരുടെ ശ്രദ്ധയിൽപെടുത്താനുള്ള സമരപരിപാടികൾ നടത്തുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റു ജനപ്രതിനിധികളും കല്ലിടൽ ചടങ്ങിൽനിന്ന് വിട്ടുനിന്നു.
ആക്ഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ
തുവ്വൂർ: ഗ്രീൻഫീൽഡ് പാതയുടെ ഇരകളുടെ കൂട്ടായ്മയായ തുവ്വൂർ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഡെപ്യൂട്ടി കലക്ടറുടെ മുമ്പാകെ അവതരിപ്പിച്ച ആവശ്യങ്ങൾ:
വീടുകൾ നഷ്ടപ്പെടുന്നവർക്ക് കരഭൂമിയില്ലെങ്കിൽ വയൽ തരംമാറ്റാൻ ഇളവനുവദിക്കുക
പാതയുടെ ഇരകളാകുന്ന അതിദരിദ്രർക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക
വിട്ടുകൊടുക്കേണ്ടിവരുന്ന ഭൂമിക്ക് നഷ്ടപരിഹാര മൂല്യനിർണയത്തിന് വിപണിവില മാനദണ്ഡമാക്കുക.
പാത വരുന്നതുമൂലം വാസയോഗ്യമല്ലാതാകുന്ന വീടുകൾക്ക് പരിപൂർണ നഷ്ടപരിഹാരം ലഭ്യമാക്കുക
കമുക്, റബർ പോലുള്ള വിളകൾ നഷ്ടമാകുന്ന കുടുംബങ്ങൾക്ക് ജീവിതമാർഗത്തിനുതകുന്ന തത്തുല്യ പദ്ധതി നടപ്പാക്കുക
മുറിക്കേണ്ടിവരുന്ന വൃക്ഷങ്ങളുടെ ആയുസ്സ് കണക്കാക്കി നഷ്ടപരിഹാരം നൽകുക
ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സി.പി. യഹ്യ, അസീസ് ചാത്തോലി, സൈതലവി, എം. ലത്തീഫ് എന്നിവരാണ് ആവശ്യങ്ങൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.