പൈങ്ങോട്ടൂർമാടിലും അടിപ്പാതക്കായി പ്രതിഷേധം
text_fieldsചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പൈങ്ങോട്ടൂർ പ്രദേശത്തുകാരുടെ വഴികളുൾപ്പെടെ അടച്ച് ദേശീയപാത നിർമിക്കുന്ന അതോറിറ്റിയുടെ നടപടിക്കെതിരെ നാട്ടുകാർ ആക്ഷൻ സമിതി രൂപവത്കരിച്ച് രംഗത്തെത്തി.
അടിപ്പാത നിർമിക്കാൻ നടപടിയില്ലാതെ ഭിത്തി കെട്ടി പാത നിർമിക്കുന്ന സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാർ പ്രതിഷേധിച്ചു. സ്കൂളിലേക്ക് പോവാൻ എത്തിയ വിദ്യാർഥികൾ പാത മുറിച്ച് കടക്കാനാവാതെ പ്രയാസപ്പെടുന്നത് നാട്ടുകാർ ദേശീയപാത അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തി.
ചേലേമ്പ്ര പഞ്ചായത്തിൽനിന്ന് ദേശീയപാതയിലേക്ക് വന്നുചേരുന്ന പ്രധാന റോഡുകളിലൊന്നാണ് പൈങ്ങോട്ടൂർ റോഡ്. കാൽ നടയാത്രക്കാർ പോലും റോഡ് മുറിച്ച് കടക്കാൻ കാക്കഞ്ചേരിയോ ചെട്ടിയാർമാടോ നിർമിച്ച ഓവർ പാസ് വരെ രണ്ട് കിലോമീറ്റർ നടന്ന് പോവണം. സംഭവ സ്ഥലത്തെത്തിയ ലൈസൺ ഓഫിസർക്ക് മുന്നിൽ പ്രതിഷേധം അറിയിക്കുകയും അണ്ടർപാസിന്റെ ആവശ്യം ഉന്നയിക്കുകയും ചെയ്തു.
പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ സാന്നിധ്യത്തിൽ സമിതി ഭാരവാഹികളായ കെ. റഫീഖ്, ജംഷിദ നൂറുദ്ദീൻ, ടി.കെ. മുഹമ്മദ് കുട്ടി, പി. മുജീബ്, പി. നാസർ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി. ചേലേമ്പ്ര പൈങ്ങോട്ടൂരിലൂടെ ദേശീയപാതയിൽ ചേരുന്ന പ്രധാന റോഡിൽനിന്ന് ദേശീയ പാത ക്രോസ് ചെയ്യാൻ അടിപ്പാതയില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ആവശ്യം പരിശോധിക്കാൻ ജില്ല കലക്ടർ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചതായി നിവേദക സംഘം പറഞ്ഞു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, മറ്റ് ജനപ്രതിനിധികളായ ഹഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ജംഷീദ നൂറുദ്ദീൻ, എം.കെ. മുഹമ്മദ് അസ്ലം, കുറ്റിയിൽ ബഷീർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ. റഫീഖ്, കെ.പി. ബാലകൃഷ്ണൻ, ടി.കെ. മുഹമ്മദ് കുട്ടി, ടി.പി. സിറാജ്, കെ.പി. ഷിഹാബുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി. നടപടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.